തെരഞ്ഞെടുപ്പു സന്പ്രദായത്തിൽ ഗുരുതരപ്രശ്നം: രാഹുൽ
Thursday, January 16, 2025 2:33 AM IST
ന്യൂഡൽഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പു സന്പ്രദായത്തിൽ ഗുരുതര പ്രശ്നമുണ്ടെന്നും മഹാരാഷ്്ട്രയിലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടർ പട്ടിക പ്രതിപക്ഷത്തിനു നൽകിയാൽ അതു തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത തകർക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്നു കോണ്‍ഗ്രസിന്റെ കഴിഞ്ഞ പ്രവർത്തകസമിതി യോഗത്തിൽ താൻ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷൻ തെരഞ്ഞെടുപ്പുകൾ നടത്തുന്നതു തൃപ്തികരമായല്ല. മഹാരാഷ്ട്രയിലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടയിൽ പെട്ടന്നു പ്രത്യക്ഷപ്പെട്ട ഒരു കോടിയോളം വരുന്ന പുതിയ വോട്ടർമാരുടെ എണ്ണം പ്രശ്നമാണ്. വോട്ടർ പട്ടിക സുതാര്യമാക്കി പ്രതിപക്ഷത്തിനു നൽകേണ്ടതു തെരഞ്ഞെടുപ്പു കമ്മീഷന്റെ കടമയാണ്.
മഹാരാഷ്ട്രയിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത വോട്ടർമാരുടെ പേരുകളും നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത വോട്ടർമാരുടെ പേരും വിലാസവും കാണണം. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ഡേറ്റ നൽകിയാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് രാഹുൽ പറഞ്ഞു.
കോണ്‍ഗ്രസ് തുല്യതയില്ലാത്ത പോരാട്ടമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ബിജെപിയോടും ആർഎസ്എസിനോടും ഇന്ത്യൻ ഭരണകൂടത്തോടുമാണ് കോണ്‍ഗ്രസ് ഇപ്പോൾ പോരാടുന്നത്. ബിജെപിയും ആർഎസ്എസും രാജ്യത്തെ ഓരോ സ്ഥാപനവും പിടിച്ചെടുത്തു.
കുറ്റകൃത്യങ്ങൾ അന്വേഷിക്കേണ്ട സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരേ ഉപയോഗിക്കുന്നു. മാധ്യമങ്ങൾ സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് ജനങ്ങൾക്കറിയാം. അതിനാൽ പ്രത്യയശാസ്ത്ര പോരാട്ടം നടത്തുന്ന ഓരോരുത്തരെയും കുറിച്ച് അങ്ങേയറ്റം അഭിമാനിക്കുന്നു.
ഇന്ന് അധികാരത്തിലിരിക്കുന്ന ആളുകൾ ത്രിവർണ പതാകയെ അഭിവാദ്യം ചെയ്യുന്നില്ല. ദേശീയപതാകയിൽ വിശ്വസിക്കുന്നില്ല. ഭരണഘടനയിൽ വിശ്വസിക്കുന്നില്ല. ഇന്ത്യയെക്കുറിച്ച് നമ്മളേക്കാൾ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണ് അവർക്കുള്ളത്.
മറഞ്ഞിരിക്കുന്ന ഒരു രഹസ്യസമൂഹം നയിക്കാൻ അവർ ആഗ്രഹിക്കുന്നു. ഇന്ത്യയെ ഒരു വ്യക്തി നയിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ഈ രാജ്യത്തിന്റെ, ദളിതരുടെ, ന്യൂനപക്ഷങ്ങളുടെ, പിന്നാക്ക ജാതിക്കാരുടെ, ആദിവാസികളുടെ ശബ്ദം തകർക്കാൻ അവർ ആഗ്രഹിക്കുന്നു. ഇതാണ് അവരുടെ അജൻഡ. അവരെ തടയാൻ ഈ രാജ്യത്ത് കോണ്‍ഗ്രസല്ലാതെ മറ്റൊരു പാർട്ടിയുമില്ലെന്ന് രാഹുൽ പറഞ്ഞു.