‘ഇന്ദിരാഭവൻ’ കോണ്‍ഗ്രസ് ആസ്ഥാനം
Thursday, January 16, 2025 2:33 AM IST
ന്യൂഡൽഹി: പുതുചരിത്രം രചിച്ച് കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനം ഇനി ന്യൂഡൽഹിയിലെ കോട്ല റോഡിലെ ഒന്‍പത് എയിൽ. എഐസിസിയുടെ പുതിയ കേന്ദ്രമായ ‘ഇന്ദിരാഭവൻ’ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു.
ഇന്ദിരാ ഭവൻ വെറുമൊരു ഓഫീസ് മാത്രമല്ലെന്നും കോണ്‍ഗ്രസ് ഉയർത്തുന്ന ആശയങ്ങളുടെ പ്രതീകവും പ്രചാരണകേന്ദ്രവുമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ട്രഷറർ അജയ് മാക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.
47 വർഷമായി എഐസിസി ആസ്ഥാനം പ്രവർത്തിച്ചിരുന്ന ല്യുട്ടെയ്ൻസ് മേഖലയിലുള്ള അക്ബർ റോഡിലെ 24-ാം നന്പർ ബംഗ്ളാവിൽ നിന്നാണ് ആറു നിലകളിലുള്ള ആധുനിക ഓഫീസ് സമുച്ചയത്തിലേക്കുള്ള മാറ്റം.
പഴയ ഓഫീസിലെ പാർട്ടി പതാക ചൊവ്വാഴ്ച വൈകുന്നേരം താഴ്ത്തിയിരുന്നു. പുതിയ മന്ദിരത്തിനു മുന്നിൽ കോണ്‍ഗ്രസിന്റെ ത്രിവർണ പതാക ഉയർത്തിയായിരുന്നു തുടക്കം. വന്ദേമാതരവും ദേശീയഗാനവും ആലപിച്ചു. തുടർന്ന് സോണിയയും ഖാർഗെയും ചേർന്നാണു പുതിയ കെട്ടിടത്തിന്റെ നാട മുറിച്ചത്.