തെരഞ്ഞെടുപ്പ് ചട്ട ഭേദഗതി: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
Thursday, January 16, 2025 2:33 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്തതു ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
കോണ്ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജയ്റാം രമേശ് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ജസ്റ്റീസ് പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. മാർച്ച് 17ന് സത്യവാങ്മൂലം ഫയൽ ചെയ്യണമെന്നും കോടതി നിർദേശിച്ചു. ജയ്റാം രമേശിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയുടെ ആവശ്യപ്രകാരമാണു സത്യവാങ്മൂലം ഫയൽ ചെയ്യാനുള്ള തീയതി കോടതി നിർദേശിച്ചത്.
പോളിംഗ് ബൂത്തിലെ സിസിടിവി കാമറകൾ, വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ, സ്ഥാനാർഥികളുടെ വീഡിയോ റിക്കാർഡിംഗുകൾ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് രേഖകൾ പൊതുജനങ്ങൾ പരിശോധിക്കുന്നതു തടയാനാണ് തെരഞ്ഞെടുപ്പ് ചട്ടം കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത്.
രേഖകളുടെ ദുരുപയോഗം തടയാനും വോട്ടർമാരുടെ സ്വകാര്യത സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം.