എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനുതന്നെ
Thursday, January 16, 2025 2:33 AM IST
ന്യൂഡൽഹി: അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനു കൈമാറാനുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി.
മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നും ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് മകൾ ആശ ലോറൻസ് സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
മൃതദേഹം വൈദ്യപഠനത്തിനു നൽകുന്നത് മരിച്ച വ്യക്തിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രതിച്ഛായ വർധിപ്പിക്കില്ലേയെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിസ്തുമത വിശ്വാസിയായ ഒരാൾക്കു മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിന് വിലക്ക് ഒന്നുമില്ലല്ലോയെന്നും ജസ്റ്റീസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
ലോറസിന്റെ മകൻ എം.എൽ. സജീവ്, സിപിഎം എന്നിവരെ എതിർകക്ഷിയാക്കിയാണ് മകൾ ആശ ലോറൻസ് സുപ്രീംകോടതിയെ സമീപിച്ചത്. 2024 സെപ്റ്റബറിൽ എം.എം. ലോറൻസ് അന്തരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹപ്രകരം മൃതദേഹം മെഡിക്കൽ പഠനത്തിനു കൈമാറാൻ മകൻ സജീവ് തീരുമാനിക്കുകയായിരുന്നു.