പള്ളിത്തർക്കം: ഓർത്തഡോക്സ് സഭയുടെ ആവശ്യം സുപ്രീംകോടതി തള്ളി
Thursday, January 16, 2025 2:33 AM IST
ന്യൂഡൽഹി: കേരളത്തിലെ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളുടെ പള്ളികളുടെയും വിശ്വാസികളുടെയും കണക്കെടുപ്പ് തടയണമെന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യം നിരാകരിച്ച് സുപ്രീംകോടതി.
ഇരുവിഭാഗങ്ങളുടെയും പൂർണനിയന്ത്രണത്തിലുള്ള പള്ളികളുടെ പട്ടിക, തർക്കത്തിലിരിക്കുന്ന പള്ളികളുടെ വിവരങ്ങൾ, വിശ്വാസികളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ പഞ്ചായത്ത് അല്ലെങ്കിൽ വില്ലേജ് അടിസ്ഥാനത്തിൽ സമർപ്പിക്കാൻ സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചത്.
ഇത്തരത്തിൽ വിവരങ്ങൾ പങ്കുവയ്ക്കുന്നത് അരാജകത്വത്തിനു കാരണമാകുമെന്ന് ഓർത്തഡോക്സ് വിഭാഗം സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിക്കാതിരുന്ന കോടതി ഇരുവിഭാഗങ്ങളുടെയും ജനസംഖ്യ, സ്വത്ത്, പള്ളികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.
മതപരമായ കാര്യങ്ങളിൽ കോടതികൾ വളരെ കരുതലോടെയാണു നീങ്ങേണ്ടതെന്നും വിശദാംശങ്ങൾ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾക്ക് പരസ്പരം കൈമാറരുതെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, എൻ.കെ.സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
‘നന്പർ ഗെയിം’ കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ഓർത്തഡോക്സ് വിഭാഗം കോടതിയിൽ പറഞ്ഞു. എന്നാൽ മുൻ വിധികൾ പുനഃപരിശോധിക്കാനല്ല, മറിച്ച് ഇരു വിഭാഗങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള സാധ്യത തേടിയാണ് കണക്കെടുപ്പിനു നിർദേശം നൽകിയതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ക്രമസമാധാന വിഷയം ഉണ്ടാകുമെന്ന് ഓർത്തഡോക്സ് വിഭാഗം ഉന്നയിച്ചപ്പോൾ അതു പറയേണ്ടത് സംസ്ഥാന സർക്കാരാണെന്നു കോടതി ചൂണ്ടിക്കാട്ടി. അതേസമയം കണക്കെടുപ്പ് 90 ശതമാനത്തോളം പൂർത്തിയായെന്ന് സംസ്ഥാനസർക്കാർ കോടതിയിൽ വ്യക്തമാക്കി. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും.