പെരിയസുരിയൂർ, പാലമേട് ജെല്ലിക്കെട്ടുകൾ: 135 പേർക്കു പരിക്ക്
Thursday, January 16, 2025 2:33 AM IST
തിരുച്ചിറപ്പള്ളി/മധുര: തമിഴ്നാട്ടിൽ പൊങ്കലിനോടനുബന്ധിച്ചുള്ള ജെല്ലിക്കെട്ടുകൾ തുടരുന്നു. ഇന്നലെ തിരുച്ചിറപ്പള്ളിയിലെ പെരിയസുരിയൂരിലും മധുരയിലെ പാലമേടിലും നടന്ന ജെല്ലിക്കെട്ടുകളിൽ 135 പേർക്കാണ് പരിക്കേറ്റത്. ഇതിൽ 21 പേരുടെ നില ഗുരുതരമാണ്.
പെരിയസുരിയുരിൽ ജെല്ലിക്കെട്ടിലെ കാളകളെ മെരുക്കാൻ ഇറങ്ങുന്ന വീരന്മാർക്കും കാളകളുടെ ഉടമസ്ഥർക്കും കാണികൾക്കും ഉൾപ്പെടെ 83 പേർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതരമായ പരിക്കുകളുള്ള 14 പേർ തിരിച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. നാനൂറിലേറെ വീരന്മാരും 681 കാളകളും ജെല്ലക്കെട്ടിൽ ഭാഗഭാക്കായി.
വിജയിയായ രഞ്ജിത് കുമാറിന് മോട്ടോർസൈക്കിൾ ഉൾപ്പെടെ സമ്മാനങ്ങൾ ലഭിച്ചു. മത്സരത്തിൽ പങ്കെടുത്ത ഒരു കാള പരിക്കേറ്റു ചത്തുവെന്നും അധികൃതർ പറഞ്ഞു.
മധുരയിലെ പ്രശസ്തമായ പാലമേട് ജല്ലിക്കെട്ടിൽ 24 വീരന്മാരുൾപ്പെടെ 52 പേർക്കാണ് പരിക്കേറ്റത്. ഗുരുതരമായ പരിക്കേറ്റ ഏഴു പേർ മധുര രാജാജി ആശുപത്രിയിൽ ചികിത്സയിലാണ്. 930 കാളകളും 450 വീരന്മാരും മത്സരത്തിൽ പങ്കെടുത്തു. മികച്ച കാളയുടെ ഉടമസ്ഥനു മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ച ട്രാക്ടർ വിജയ തങ്കപ്പാടി സ്വന്തമാക്കി.
14 കാളകളെ മെരുക്കിയ ദിണ്ഡിഗൽ സ്വദേശി പാർഥിപനാണ് ജെല്ലിക്കെട്ടിലെ വിജയിയാത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പ്രഖ്യാപിച്ച കാറാണ് വിജയിക്ക് ലഭിച്ചത്. മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് സ്വർണനാണയങ്ങളും ഗൃഹോപകരണങ്ങളും ഉൾപ്പെടെ ഒട്ടേറെ സമ്മാനങ്ങൾ ലഭിച്ചു. ലോകപ്രശസ്തമായ അലങ്കാനെല്ലൂർ ജെല്ലിക്കെട്ട് ഇന്ന് നടക്കും.