ഡൽഹി മദ്യനയ അഴിമതി; കേജരിവാളിനെയും സിസോദിയയെയും വിചാരണ ചെയ്യാൻ അനുമതി
Thursday, January 16, 2025 2:33 AM IST
ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കേജരിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകി. അനധികൃത പണമിടപാട് തടയൽ നിയമപ്രകാരം (പിഎംഎൽഎ) വിചാരണയ്ക്കുള്ള അനുമതിയാണ് ഇഡിക്ക് ലഭിച്ചിരിക്കുന്നത്.
പിഎംഎൽഎ വകുപ്പുകൾ പ്രകാരം വിചാരണയ്ക്ക് കേന്ദ്രസർക്കാരിൽനിന്നു പ്രത്യേക അനുമതിയില്ലാതിരുന്ന സാഹചര്യത്തിൽ കുറ്റപത്രം നൽകാനുള്ള തീരുമാനത്തെ കേജരിവാൾ നേരത്തെ കോടതിയിൽ ചോദ്യം ചെയ്തിരുന്നു.
ഇതേത്തുടർന്ന് ഡൽഹിയിലെ പ്രത്യേക പിഎംഎൽഎ കോടതി കേജരിവാളിനെതിരേ കുറ്റം ചുമത്തുന്നത് വൈകിപ്പിച്ചു. ഇതിനിടെയാണ് ഇഡിക്ക് കേന്ദ്രസർക്കാർ പ്രോസിക്യൂഷന് അനുമതി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെയും കേന്ദ്ര ഏജൻസിയുടെയും നീക്കം.