കർഷകനേതാവ് ദല്ലേവാളിന്റെ സന്പൂർണ മെഡിക്കൽ റിപ്പോർട്ട് തേടി സുപ്രീം കോടതി
Thursday, January 16, 2025 2:33 AM IST
ന്യൂഡൽഹി: കർഷകനേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ അനിശ്ചിതകാല നിരാഹാര സമരം 50 ദിവസം പിന്നിടുന്പോൾ അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഡയറക്ടറുടെ വിലയിരുത്തലിനായി സന്പൂർണ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റീസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പഞ്ചാബ് സർക്കാരിനോട് നിർദേശിച്ചു. റിപ്പോർട്ടുകൾ സുപ്രീംകോടതി രജിസ്ട്രാർക്കു കൈമാറാനാണ് കോടതി നിർദേശം.
ദല്ലേവാളിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുവെന്ന് പഞ്ചാബ് സർക്കാർ കോടതിയിൽ പറഞ്ഞതോടെയാണു ബെഞ്ചിന്റെ നടപടി. നിരാഹാരസമരപ്പന്തലിനു സമീപം മെഡിക്കൽ സജ്ജീകരണമുണ്ടെന്നും പഞ്ചാബ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇത്രയും ദിവസം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആരോഗ്യനില എങ്ങനെ മെച്ചപ്പെട്ടു നിൽക്കുന്നുവെന്ന് പറയാൻ സാധിക്കുമെന്ന് കോടതി ചോദിച്ചു. 29 ന് കേസ് വീണ്ടും പരിഗണിക്കും.
ദല്ലേവാളിന് വൈദ്യസഹായം നിർദേശിച്ചിട്ടും നൽകാതിരുന്ന പഞ്ചാബ് സർക്കാരിനെതിരേ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണു കോടതി പരിഗണിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായതായി സമരപ്പന്തലിനു സമീപമുള്ള ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ഇതുവരെയും വൈദ്യസഹായം സ്വീകരിക്കാൻ അദ്ദേഹം തയാറായിട്ടില്ല. അതേസമയം ദല്ലേവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 111 കർഷകർ മരണംവരെ നിരാഹാരമിരിക്കുമെന്ന് കർഷകസംഘടനകൾ അറിയിച്ചു.