കൊച്ചി ഉള്‍പ്പെടെ ഏഴ് വിമാനത്താവളങ്ങളില്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍
Thursday, January 16, 2025 2:33 AM IST
ന്യൂഡല്‍ഹി: കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളില്‍ ഇന്നു മുതല്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍-ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം (എഫ്ടിഐ-ടിടിപി) നിലവിൽ വരും. അന്താരാഷ്ട്ര യാത്രകളില്‍ യാത്രക്കാരുടെ കാത്തുനില്‍പ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.
മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് വിമാനത്താവളങ്ങളിലെ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍’-ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു ഹൈദരാബാദിൽ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ ജൂണ്‍ 22ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍-3ല്‍നിന്ന് ആഭ്യന്തര മന്ത്രി എഫ്ടിഐ-ടിടിപി ഉദ്ഘാടനം ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ‘വിക്ഷിത് ഭാരത്’ @2047എന്ന പദ്ധതി പ്രകാരമാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍- ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം’.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഇന്ത്യന്‍ പൗരന്മാര്ക്കും ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ സേവനം ഉപയോഗിക്കാം. രണ്ടാം ഘട്ടത്തിൽ വിദേശികൾക്കും എഫ്ടിഐ-ടിടിപി സേവനം ലഭ്യമാക്കും. രാജ്യത്തുടനീളമുള്ള 21 പ്രധാന വിമാനത്താവളങ്ങളില്‍ എഫ്ടിഐ-ടിടിപി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
എഫ്ടിഐ-ടിടിപി എങ്ങനെ?
https://ftittp.mha.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകര്‍ വിശദാംശങ്ങള്‍ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് ഓണ്‍ലൈന്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. രജിസ്റ്റര്‍ ചെയ്ത അപേക്ഷകരുടെ ബയോമെട്രിക് ഡാറ്റ ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന് ഓഫീസില്‍ (എഫ്ആർആർഒ) അല്ലെങ്കില്‍ വിമാനത്താവളത്തിലൂടെ കടന്നുപോകുമ്പോള്‍ ശേഖരിക്കും.
രജിസ്റ്റര്‍ ചെയ്ത യാത്രക്കാര്‍ ഇ-ഗേറ്റില്‍ എയര്‍ലൈന്‍ നല്കിയ ബോര്‍ഡിംഗ് പാസ്, പാസ്പോര്‍ട്ട് എന്നിവ സ്കാന്‍ ചെയ്യണം. യാത്ര പുറപ്പെടുന്നിടത്തും അവസാനിക്കുന്ന വിമാനത്താവളങ്ങളിലും ഇ-ഗേറ്റുകളില്‍ യാത്രക്കാരുടെ ബയോമെട്രിക്സ് വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ഇ-ഗേറ്റ് തുറക്കുകയും ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കുകയും ചെയ്യും. ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ട് ഉടമകൾക്ക് മാത്രമേ രജിസ്ട്രേഷൻ ചെയ്യാനാകൂ.