മഹാകുംഭമേള അമൃതസ്നാനത്തിന് മൂന്നുകോടിയിലധികം പേർ
Wednesday, January 15, 2025 2:22 AM IST
പ്രയാഗ്രാജ്: മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്രാജിലെ ത്രിവേണീസംഗമത്തിൽ അമൃതസ്നാനത്തിൽ പങ്കെടുത്തത് മൂന്നുകോടിയിലധികം ഭക്തർ. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള ഭക്തരാണ് കുംഭമേളയുടെ രണ്ടാംദിനമായ ഇന്നലെ മകരസംക്രാന്തിയിൽ സ്നാനത്തിനായി എത്തിയത്.
12 കിലോമീറ്റർ ദൈർഘ്യമുള്ള നദിക്കരയിൽ ചടങ്ങുകൾക്കായി വിപുലമായ സജ്ജീകരണങ്ങളും കർക്കശമായ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിരുന്നു. അമൃതസ്നാനം പുരോഗമിക്കുന്നതിനിടെ നദിക്കരയിലും സമീപത്തെ ചെറിയ കുടിലുകളിലും അഖാരകളിലും ഹെലികോപ്റ്ററിൽ റോസാദളങ്ങൾ വർഷിച്ചു. ജയ് ശ്രീറാം, ഹർ ഹർ മഹാദേവ് എന്നിങ്ങനെ ഉറക്കെപ്പാടിയാണ് പുഷ്പവൃഷ്ടിയെ ഭക്തർ സ്വീകരിച്ചത്.
യുപി സർക്കാരിന്റെ നിർദേ ശപ്രകാരം ഹോർട്ടികൾച്ചർ വകുപ്പ് ആഴ്ചകളോളം ആസൂത്രണംചെയ്താണ് പുഷ്പവൃഷ്ടി യാഥാർഥ്യമാക്കിയത്. കുംഭമേളയിലെ പ്രധാന സ്നാനചടങ്ങുകളിലെല്ലാം പുഷ്പവൃഷ്ടി ആവർത്തിക്കുമെന്ന് സർക്കാർ അറിയിച്ചു.
ആപ്പിൾ സഹസ്ഥാപകൻ അന്തരിച്ച സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറൻ പവൽ ഉൾപ്പെടെ ഒട്ടേറെ പ്രമുഖരാണ് കുംഭമേളയ്ക്കായി പ്രയാഗ്രാജിൽ തന്പടിച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് ലോറന് പവല്‍ ജോബ്സ് പ്രയാഗ്രാജിലെത്തിയത്.
ഈയിടെ കമല എന്ന പേര് അവര്‍ സ്വീകരിച്ചിരുന്നു. കനത്ത തിരക്കിനെത്തുടർന്ന് ഇന്നലെ അവർ കുഴഞ്ഞുവീണു. മതിയായ വിശ്രമത്തിനുശേഷം അവർ കുംഭമേളയിലെ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.