അവനിയാപുരം ജല്ലിക്കട്ട്: ഒരാൾ മരിച്ചു
Wednesday, January 15, 2025 2:22 AM IST
മധുര: തമിഴ്നാട്ടിൽ പൊങ്കൽ ഉത്സവങ്ങളോടനുബന്ധിച്ച് അവനിയാപുരത്ത് നടത്തിവരുന്ന ജല്ലിക്കട്ടിൽ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു. മധുര വിലങ്കുടി സ്വദേശി നവീൻ ആണു മരിച്ചത്.
രാജാജി സർക്കാർ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം. കാളകളുടെ ഉടമസ്ഥരും കാഴ്ചക്കാരും മത്സരാർഥികളുമുൾപ്പെടെ 43 പേർക്കാണ് ഇന്നലെ ജല്ലിക്കട്ടിനിടെ പരിക്കേറ്റത്. മദിച്ചോടുന്ന കാളയുടെ കൊന്പിൽ പിടിച്ചു മെരുക്കുന്നയാൾക്ക് ട്രാക്ടറും കാറുമായിരുന്നു സമ്മാനമായി ലഭിക്കുക.
1000 കാളകളും 900 മത്സരാർഥികളുമാണ് അവനിയാപുരം ജല്ലിക്കട്ടിൽ പങ്കെടുത്തത്. ഇന്നും നാളെയും മധുരയിലെ പാലമേട്ടിലും അലങ്കനല്ലൂരും ജല്ലിക്കട്ട് നടക്കും.
തമിഴ്നാട്ടിൽ പൊങ്കൽ ഉത്സവാഘോഷങ്ങൾക്കു തുടക്കം കുറിച്ചുള്ള ആദ്യ ജല്ലിക്കട്ട് പുതുക്കോട്ടയിലെ തച്ചങ്കുറിച്ചിയിലാണ്. മധുരയിലെ ആദ്യ മത്സരം അവനിയാപുരത്തും നടക്കും.