രാമക്ഷേത്ര പ്രതിഷ്ഠാദിനമാണ് സ്വാതന്ത്ര്യദിനമെന്ന് ആർഎസ്എസ് മേധാവി
Wednesday, January 15, 2025 2:22 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കഴിഞ്ഞ വർഷം അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ നടത്തിയ ദിവസമാണ് ഭാരതത്തിനു യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവന വിവാദമായി.
2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതെന്ന സിനിമാതാരവും ബിജെപി എംപിയുമായി കങ്കണ റണൗട്ടിന്റെ വിവാദ പ്രസ്താവനയ്ക്കു പിന്നാലെയാണു ഭാഗവതിന്റെ പുതിയ വ്യാഖ്യാനം.
1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനെ അവഗണിച്ച്, മതപരമായ മുതലെടുപ്പിനു ശ്രമിക്കുന്ന ഭാഗവതിന്റെ പ്രസ്താവനയെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു.
സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവർക്കു രാജ്യത്തിന്റെ രാഷ്ട്രീയസ്വാതന്ത്ര്യത്തിന്റെ മഹത്വം മനസിലാകില്ലെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തി. 1950ലെ ആദ്യ റിപ്പബ്ലിക് ദിനത്തിനുശേഷം നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തു വർഷങ്ങളോളം ദേശീയപതാക ഉയർത്താൻ വിസമ്മതിച്ചതിന്റെ തുടർച്ചയാണ് ആയിരങ്ങളുടെ ജീവൻ ബലികൊടുത്ത് ബ്രിട്ടീഷുകാരിൽനിന്നു നേടിയ സ്വാതന്ത്ര്യത്തെ ഇകഴ്ത്തിക്കാട്ടുന്നതെന്ന് ഇന്ത്യ സഖ്യം നേതാക്കൾ അഭിപ്രായപ്പെട്ടു.
നൂറ്റാണ്ടുകളായി ശത്രു ആക്രമണം (പരചക്രം) നേരിട്ട ഭാരതത്തിന്റെ യഥാർഥ സ്വാതന്ത്ര്യം സ്ഥാപിതമായതിനാൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ തീയതി ‘പ്രതിഷ്ഠാ ദ്വാദശി ’ ആയി ആഘോഷിക്കണമെന്നായിരുന്നു ആർഎസ്എസ് തലവൻ ഇന്നലെ പറഞ്ഞത്.
മധ്യപ്രദേശിലെ ഇൻഡോറിൽ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചന്പത് റായിക്ക് ദേവി അഹല്യ അവാർഡ് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു ഭാഗവത്.
കഴിഞ്ഞ വർഷം ജനുവരി 22നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയത്.
ആരെയും എതിർക്കാനല്ല രാമക്ഷേത്ര പ്രസ്ഥാനം ആരംഭിച്ചതെന്ന് ഭാഗവത് പറഞ്ഞു. രാജ്യത്തിനു സ്വന്തം കാലിൽ നിൽക്കാനും ലോകത്തിനു വഴി കാണിക്കാനും രാജ്യത്തെ സ്വയം ഉണർത്താനുമാണ് ഈ പ്രസ്ഥാനം ആരംഭിച്ചതെന്ന് ആർഎസ്എസ് മേധാവി പറഞ്ഞു.
എന്നാൽ രാം ലല്ലയുടെ പേരിൽ ഭാഗവത് രാഷ്ട്രീയം കളിക്കരുതെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്തും കോണ്ഗ്രസ് നേതാവ് ടി.എസ്. സിംഗ് ദിയോയും പറഞ്ഞു.
രാഷ്ട്രീയവും മതവും വേർതിരിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നതു ഭാഗവത് വിസ്മരിക്കരുതെന്ന് സിംഗ് ദിയോ ചൂണ്ടിക്കാട്ടി.