സക്കർബർഗിന്റെ പരാമർശം; മെറ്റയോടു വിശദീകരണം തേടാൻ പാർലമെന്ററി സമിതി
Wednesday, January 15, 2025 2:22 AM IST
ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് സഹസ്ഥാപകനും സമൂഹമാധ്യമ കന്പനിയായ മെറ്റ സിഇഒയുമായ മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ നടപടിയെടുക്കാൻ പാർലമെന്ററി സമിതി തീരുമാനിച്ചു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ മെറ്റ അധികൃതരെ വിളിച്ചുവരുത്തുമെന്നും വിശദീകരണം ആവശ്യപ്പെടുമെന്നും വാർത്താവിനിമയവും വിവര സാങ്കേതികവിദ്യയുമായും ബന്ധപ്പെട്ട പാർലമെന്ററി സമിതി ചെയർമാനും ബിജെപി എംപിയുമായ നിഷികാന്ത് ദുബെ വ്യക്തമാക്കി. ഒരു ജനാധിപത്യരാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിക്കുന്ന തരത്തിലുള്ള തെറ്റായ വിവരമാണു പ്രചരിപ്പിക്കപ്പെട്ടത്.
തെറ്റു പറ്റിയതിന്റെ പേരില്‍ പാര്‍ലമെന്റിനോടും രാജ്യത്തെ ജനങ്ങളോടും സ്ഥാപനം മാപ്പു പറയേണ്ടതാണെന്നും അദ്ദേഹം എക്സ് പോസ്റ്റില്‍ പറഞ്ഞു.
കഴിഞ്ഞ പത്തിനു നടത്തിയ പോഡ് കാസ്റ്റിലാണ് സക്കര്‍ബര്‍ഗ് വിവാദ പരാമര്‍ശം നടത്തിയത്.
കോവിഡ് അടക്കമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചമൂലം ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന സർക്കാർ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ തോൽവി നേരിട്ടു എന്നായിരുന്നു സക്കർബർഗിന്റെ പരാമർശം.