പേരാമ്പ്രയിലെ സംഘര്‍ഷം ; അഞ്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Thursday, October 16, 2025 2:48 AM IST
കോഴിക്കോട്: പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് യുഡിഎഫ് പ്രവര്‍ത്തകരേ പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ പോലീസിനുനേരേ സ്ഫോടകവസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.
സജീര്‍ ചെറുവണ്ണൂര്‍, നസീര്‍ വെള്ളിയൂര്‍, മുസ്തഫ, മിദ്ലാജ്, റഷീദ് വാല്യേക്കോട് എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച അര്‍ധരാത്രിയും ഇന്നലെ പുലര്‍ച്ചെയുമാണ് വീടുവളഞ്ഞ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ടുപ്രവര്ത്തകരെക്കൂടി പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
പോലീസിനുനേരേ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഫോടകവസ്തു എറിഞ്ഞുവെന്ന എല്‍ഡിഎഫ് ആരോപണത്തിന്മേല് പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിക്കുകയും കേസെടുക്കുകയുമായിരുന്നു. ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്ഫോടകവസ്തു എറിഞ്ഞെന്നും പോലീസുകാര്‍ക്കിടയിൽ വീണ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. സംഭവസ്ഥലത്തുനിന്നു പോലീസ് കഴിഞ്ഞ ദിവസം തെളിവ് ശേഖരിച്ചിരുന്നു.
കോളജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പേരാമ്പ്രയില്‍ സംഘര്‍ഷത്തിലേക്ക് എത്തിയിരുന്നത്. സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ തടയാനെത്തിയ പോലീസുകാര്‍ ഷാഫി പറമ്പില്‍ എംപിയുടെ തലയ്ക്ക് ലാത്തികൊണ്ടടിച്ചത് വന്‍വിവാദമായിരുന്നു.
മൂക്കിനു പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കു വിധേയനായ ഷാഫി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. പോലീസ് നടപടിക്കെതിരേ ഷാഫി ലോക്സഭാ സ്പീക്കര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.