ഭരണാധികാരികൾ വർഗീയതയ്ക്ക് കുടപിടിക്കരുത്: കത്തോലിക്ക കോൺഗ്രസ്
Thursday, October 16, 2025 1:53 AM IST
പള്ളുരുത്തി: സെന്റ് റീത്താസ് സ്കൂൾ യൂണിഫോം വിഷയത്തിൽ കരുതിക്കൂട്ടി സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളുടെ താളത്തിനു തുള്ളാൻ സർക്കാർ ഇറങ്ങരുതെന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
കേരള ഹൈക്കോടതി വിധി ഉണ്ടെന്നിരിക്കെ, പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്ന വിദ്യഭ്യാസമന്ത്രി ജുഡീഷ്യറിക്ക് എന്ത് വിലയാണ് കൽപ്പിക്കുന്നത്.
സമത്വ സന്ദേശമാണ് സ്കൂൾ യൂണിഫോം നൽകുന്നത്. ഇതു തകർക്കാനാണ് വർഗീയവാദികളുടെ ശ്രമം. ഇത്തരക്കാരെ ഒറ്റപ്പെടുത്തുന്നതിനു പകരം കൂട്ടുനിന്നാൽ കേരളം ഭ്രാന്താലയമാകും.
നിയമവിധേയമായി പ്രവർത്തിക്കുന്ന സെന്റ് റീത്താസ് സ്കൂളിനു പൂർണപിന്തുണ നൽകുന്നതായും കത്തോലിക്ക കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.