കാസ്റ്റിംഗ് കൗച്ച് പരാതി വ്യാജം; ഹണിട്രാപ്പിനുള്ള ശ്രമമെന്ന് ദിനില്‍ ബാബു
Friday, October 17, 2025 2:27 AM IST
കൊച്ചി: തനിക്കെതിരായ കാസ്റ്റിംഗ് കൗച്ച് പരാതി വ്യാജമെന്ന് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു. ഹണി ട്രാപ്പിനുള്ള ശ്രമമാണു നടന്നത്. പണം നല്കാതായതോടെയാണു യുവതി പരാതി നല്‍കിയതെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ ദിനില്‍ ബാബു പറഞ്ഞു.
വേഫെറര്‍ കമ്പനിക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു. പരാതിക്കാരിക്കു പിന്നില്‍ മറ്റുചിലരുണ്ട്. ഇവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരും.
യുവതി ഇങ്ങോട്ടുവിളിച്ച് രണ്ടു ദിവസത്തോളം പണം ആവശ്യപ്പെട്ടു. ഇതു നല്‍കാതെ വന്നതോടെയാണു പരാതി നല്കിയിട്ടുള്ളന്നെും വീഡിയോയില്‍ ദിനില്‍ ബാബു വ്യക്തമാക്കി.
നടന് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം സംസാരിക്കുന്നതിന് നേരിട്ടു കാണാമെന്നു പറഞ്ഞ് ദിനില്‍ ബാബു വിളിച്ചെന്നും പനമ്പിള്ളി നഗറിലുള്ള വേഫെററിന്റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് വിളിച്ചു വരുത്തിയശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് യുവതിയുടെ പരാതി.
സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിനില്‍ ബാബുവിനെതിരേ വേഫെറര്‍ ഫിലിംസും പരാതി നല്‍കിയിട്ടുണ്ട്.