പാലിയേറ്റീവ് സേവനത്തിലേക്കും കുടുംബശ്രീയുടെ ചുവടുവയ്പ്
Friday, October 17, 2025 1:06 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: വനിതകള്‍ക്ക് പാലിയേറ്റീവ് പരിശീലനം നല്കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി കുടുംബശ്രീയുടെ പുത്തന്‍ ചുവടുവയ്പ്.
കേരള പാലിയേറ്റീവ് കെയര്‍ ഗ്രിഡ് ഡാറ്റാ പ്രകാരം കേരളത്തില്‍ 1.96 ലക്ഷം കിടപ്പുരോഗികളുള്ള സാഹചര്യത്തില്‍ പാലീയേറ്റീവ് സേവനം മുന്നില്‍ കണ്ടാണു സാന്ത്വനമിത്ര പദ്ധതി തയാറാക്കിയത്. തെരഞ്ഞടുക്കപ്പെടുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കു പരിശീലനം നല്കി പാലീയേറ്റീവ് സേവകരുടെ ശൃംഖല സംസ്ഥാനത്തുടനീളം രൂപീകരിക്കുകയാണ് പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്.
ആരോഗ്യ - തദ്ദേശസ്വയംഭരണ വകുപ്പിന്റെയും വിജ്ഞാന കേരളത്തിന്റെയും സംയുക്ത സഹകരണത്തിലാണ് വയോജന ശുശ്രൂഷാ പദ്ധതി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സിഡിഎസ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ കേന്ദ്രത്തില്‍ കുടുംബങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യും.
അതാത് പ്രദേശത്ത് പാലിയേറ്റീവ് ജോലിക്കു താല്പര്യമുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കും. പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കിയവരെ ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ട്ടിഫൈഡ് കെയര്‍ ടേക്കര്‍മാരാക്കി മാറ്റും. അനുയോജ്യമായ കോഴ്സുകളില്‍ കുടുംബശ്രീയും കെ-ഡിസ്കും സംയുക്തമായി അംഗങ്ങള്‍ക്കു പരിശീലനവും നല്‍കും.
സംസ്ഥാനത്തെ ഓരോ തദ്ദേശ സ്ഥാപനപരിധിയിലും സാന്ത്വന പരിചരണം ആവശ്യമായവര്‍ക്ക് ശാസ്ത്രീയമായ ഗൃഹകേന്ദ്രീകൃത പരിചരണം ലഭ്യമാക്കും. 50,000 വനിതകള്‍ക്കു പരിശീലനം നല്കി രംഗത്തിറക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ പതിനായിരം പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആരോഗ്യ വകുപ്പാണു സാന്ത്വനമിത്രയ്ക്ക് പരിശീലനം നല്‍കുന്നത്.
കുടുംബശ്രീയുടെ സിഡിഎസ്, എഡിഎസ്, അയല്‍ക്കൂട്ടം വഴിതന്നെയാണു പരിചരണം ആവശ്യമായി കുടുംബങ്ങളെയും കണ്ടെത്തുന്നത്. എഡിഎസുകള്‍ മുഖേന ഓരോ വാര്‍ഡിലും ഭവനസന്ദര്‍ശനം നടത്തി കിടപ്പു രോഗികളുടെ എണ്ണം, ആവശ്യമായ സേവനം എന്നിവയുടെ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്നു ഹോം നഴ്സ് സേവനം ആവശ്യമുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും പരിശീലനം ലഭിച്ചവരുടെ സേവനം മിതമായ നിരക്കില്‍ ലഭ്യമാക്കും.
നിലവില്‍ വിവിധ ഗാര്‍ഹിക പരിചരണം ലഭ്യമാക്കുന്ന കെ ഫോര്‍ കെയര്‍ പദ്ധതി കുടുംബശ്രീയുടെ കീഴില്‍ നടപ്പാക്കുന്നുണ്ട്. വിവിധ സ്ഥാപനങ്ങളിലൂടെ പരിശീലനം നേടിയ എക്സിക്യൂട്ടീവുകളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. കെ ഫോര്‍ കെയര്‍ പദ്ധതിയില്‍ രണ്ട് മാസം നീണ്ട പരിശീലനമാണ് നല്‍കുന്നത്. എന്നാല്‍ സാന്ത്വന മിത്ര പദ്ധതിയില്‍ നിശ്ചിത ദിവസത്തെ പരിശീലനമാണ് ലഭ്യമാക്കുന്നത്. പുതിയ പദ്ധതിയിലൂടെ പാലിയേറ്റീവ് കെയര്‍ സേവനവും വനിതകള്‍ക്കു വരുമാനവും ഉറപ്പാക്കുകയാണ് കുടുംബശ്രീ.