ഹൈവേ കൊള്ള വീണ്ടും!; വ്യവസായിയുടെ തലയ്ക്കടിച്ച് പണവും വാഹനവും കവർന്നു
Friday, October 17, 2025 1:06 AM IST
ഇരിട്ടി: കർണാടകത്തിൽ വടകര സ്വദേശിയായ മലയാളി വ്യവസായിയെ റോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച് പണവും ഫോണും കൊള്ളയടിച്ചു.
അക്രമിസംഘത്തിലെ ഒരാൾ പിടിയിലായി. ബുധനാഴ്ച രാവിലെ 11.30ഓടെ പെരുമ്പാടിക്കും ഗോണിക്കൊപ്പയ്ക്കുമിടയിലാണു സംഭവം. പെരുമ്പാടി -ഹുൻസൂർ വഴി മൈസൂരിലേക്ക് പോകുകയായിരുന്ന വടകര സ്വദേശി അബ്ബാസിനെയാണ് പിന്തുടർന്ന് എത്തിയ അക്രമിസംഘം കാർ തടഞ്ഞുനിർത്തി ആക്രമിച്ചത്.
മഹാരാഷ്ട്ര രജിസ്ട്രേഷൻ കാറിൽ എത്തിയ സംഘം മാതാ പെട്രോൾ പമ്പിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കാർ തടഞ്ഞു നിർത്തി അബ്ബാസിനോടു പണം ആവശ്യപ്പെടുകയായിരുന്നു. വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തിയതും അക്രമികളിലൊരാൾ വടികൊണ്ട് തലയ്ക്കടിച്ചു. ബോധം നഷ്ടപ്പെട്ട അബ്ബാസിനെ വഴിയിൽ ഉപേക്ഷിച്ച അക്രമിസംഘം വാഹനവും പണവും ഫോണുമായി കടന്നുകളയുകയായിരുന്നു. അതുവഴി വന്ന പിക്കപ്പ് വാൻ ഡ്രൈവറാണു തലയിൽ രക്തം ഒഴുകിനിൽക്കുന്ന അബ്ബാസിനെ സഹായിക്കുന്നത്.
ഡ്രൈവറുടെ ഫോൺ വാങ്ങി നാട്ടിലെ ബന്ധുവിനെ വിവരം അറിയിക്കുകയും കാർ ജിപിഎസ് സംവിധാനം ഉപയോഗിച്ച് ഓഫാക്കുകയും ചെയ്തു. ഇതോടെയാണ് അക്രമിസംഘം വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ഇതിനിടെ അക്രമിസംഘത്തിലെ ഒരാൾ പൊന്നംപേട്ട ഗോണിക്കോപ്പ റോഡിൽ പോലീസിന്റെ പിടിയിലായി. മറ്റു പ്രതികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
കേരളത്തിൽ ഹോട്ടൽ വ്യാപാരം നടത്തിവന്നിരുന്ന അബ്ബാസ് ദീപാവലി ആവശ്യങ്ങൾക്കായി കടയിലേക്കു സാധങ്ങൾ വാങ്ങാനായി മൈസൂരുവിലേക്കു പോകുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ അബ്ബാസിനെ പിക്കപ്പ് വാനിൽ ഗോണിക്കൊപ്പയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ഗോണിക്കൊപ്പ പോലീസ് ഓഫീസർ പ്രദീപ് കുമാർ, വീരാജ്പേട്ട ക്രൈം പോലീസ് ഓഫീസർ വി.എസ്. വാണി , പൊന്നംപേട്ട ക്രൈം പോലീസ് ഓഫീസർ ജി. നവീൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചു.
കൂത്തുപറമ്പ് സ്വദേശിയെയും ആക്രമിച്ചു
ഇരിട്ടി: കർണാടകയിലെ കുടക് ജില്ലയിൽ ഹൈവേ പിടിച്ചുപറി സംഘത്തിന്റെ ആക്രമണത്തിൽ കൂത്തുപറന്പ് സ്വദേശിക്കും പരിക്കേറ്റു. പെരുമ്പാടിക്ക് സമീപം ഇന്നലെ പുലർച്ചെ കൂത്തുപറമ്പ് സ്വദേശിയായ റാഡിഷാണ് (30) ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ റാഡിഷ് വിരാജ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിൽ സഞ്ചരിക്കുമ്പോഴാണ് റാഡിഷ് ആക്രമിക്കപ്പെട്ടത് .
ഹൈവേയിലെ കൊള്ള തുടർക്കഥ
അബ്ബാസിനും റാഡിഷിനും നേരിടേണ്ടിവന്നത് ഒറ്റപ്പെട്ട സംഭവമല്ല . ഇതിന് മുൻപും മൈസൂരു- വീരാജ്പേട്ട റോഡിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പിന്തുടർന്ന് എത്തുന്ന അക്രമിസംഘം ഇത്തരത്തിൽ വാഹനം ആക്രമിച്ച് പണവും വിലപ്പെട്ട വസ്തുക്കളും കൊള്ളയടിക്കുന്നതായി നിരവധി പരാതികൾ നിലവിലുണ്ട്.
പൊതുവെ രാത്രികാലങ്ങളിലാണ് ഇത്തരം അക്രമി സംഘങ്ങൾ എത്തുന്നത്. ബസുകൾ ഉൾപ്പെടെ സംഘം അക്രമിക്കാറുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, ഇപ്പോൾ പകൽസമയത്തുപോലും അക്രമികൾ വാഹനം തടഞ്ഞു നിർത്തി ആക്രമണം ആരംഭിച്ചിരിക്കുകയാണ്.
ഉത്സവകാലങ്ങളിൽ കേരളത്തിലേക്കു കുടുംബമായി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നു പോലീസ് നിർദേശമുണ്ട്. അക്രമി സംഘം വാഹനം റോഡിനു കുറുകെ ഇട്ടും റോഡിൽ ഗതാഗത തടസം സൃഷ്ടിച്ചുമാണു കൊള്ള നടത്തുന്നത്.