കുടുംബ ബജറ്റ് സർവേയ്ക്ക് ഇന്ന് തുടക്കം
Thursday, October 16, 2025 1:53 AM IST
തിരുവനന്തപുരം: കുടുംബ ബജറ്റ് സർവേ 2025-2026ന് ഇന്ന് കേരളത്തിൽ തുടക്കമാകും. തിരുവനന്തപുരം തൈക്കാട് റെസ്റ്റ് ഹൗസിൽ ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി സർവേയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
തൊഴിലാളികളുടെ യഥാർഥ ജീവിതച്ചെലവ് പ്രതിഫലിക്കുന്ന തരത്തിൽ ഉപഭോക്തൃ വിലസൂചിക പുതുക്കുന്നതിനായാണ് സർവേ. സംസ്ഥാനത്തെ കാർഷിക, വ്യാവസായിക തൊഴിലാളികളുടെ മിനിമം വേതനത്തിലെ ഒരു പ്രധാന ഘടകമായ ക്ഷാമബത്ത പുതുക്കുന്നത് ഉപഭോക്തൃ വില സൂചികയെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് എന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതാണെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
നിലവിൽ 2011-12 വർഷത്തെ ഉപഭോഗ രീതി അടിസ്ഥാനമാക്കിയുള്ള സൂചികയാണ് നമ്മൾ ഉപയോഗിക്കുന്നത്. എന്നാൽ കഴിഞ്ഞ പതിറ്റാണ്ടിൽ ജനങ്ങളുടെ ജീവിതരീതിയിലും ഉപഭോഗത്തിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിലവിലെ സൂചിക പുതുക്കണമെന്നത് തൊഴിലാളി സംഘടനകളുടെയും മിനിമം വേജസ് ഉപദേശക സമിതിയുടെയും ദീർഘനാളത്തെ ആവശ്യമായിരുന്നു. ഈ ആവശ്യമാണ് സർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നത്.
2025-26 അടിസ്ഥാന വർഷമായി പുതിയ കുടുംബ ബജറ്റ് സർവേ നടത്താൻ തൊഴിൽ വകുപ്പ് സാന്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന് നിർദ്ദേശം നൽകി. സർവേയുടെ നടത്തിപ്പിനായി 1,13,90,000 രൂപ തൊഴിൽ വകുപ്പ് അനുവദിച്ചു.
സർവേയുടെ മേൽനോട്ടത്തിനായി തൊഴിലാളി, തൊഴിലുടമ, ഉദ്യോഗസ്ഥ, വിദഗ്ധ പ്രതിനിധികൾ ഉൾപ്പെടുന്ന 21 അംഗ സംസ്ഥാനതല ‘കണ്സ്യൂമർ പ്രൈസ് ഇൻഡക്സ് റിവിഷൻ കമ്മിറ്റി’ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു.
സംസ്ഥാനത്തെ 17 കേന്ദ്രങ്ങളിലായി, മിനിമം വേതന നിയമം ബാധകമായ 7920 തൊഴിലാളി കുടുംബങ്ങളെ ശാസ്ത്രീയമായി തിരഞ്ഞെടുത്താണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ സർവേ നടത്തുന്നത്.
വിവരശേഖരണത്തിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 22 എന്യൂമറേറ്റർമാരെ നിയമിച്ചു. സർവേയുടെ ഫീൽഡ് തല പ്രവർത്തനങ്ങൾ ഈ മാസം തന്നെ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.