"പഴി മാനേജ്മെന്റിനും അഭിഭാഷകയ്ക്കും'; ശിരോവസ്ത്ര വിവാദത്തിൽ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി
Friday, October 17, 2025 2:27 AM IST
തിരുവനന്തപുരം: ശിരോവസ്ത്ര വിവാദമുണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂള്‍ മാനേജ്മെന്റിനും അഭിഭാഷകയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.
“സര്‍ക്കാര്‍ വിശദീകരണം ചോദിച്ചാല്‍ അതിനു മറുപടി പറയേണ്ടത് പിടിഎ പ്രസിഡന്റും സ്കൂളിനുവേണ്ടി കോടതിയില്‍ കേസ് വാദിക്കുന്ന വക്കീലും അല്ല. അത് മാനേജ്മെന്റിന് ഓര്മ വേണം. പ്രശ്നം പരിഹരിച്ചതിനുശേഷം സ്കൂള്‍ അധികൃതരുടെയും അവരുടെ അഭിഭാഷകയുടെയും ഭാഗത്തുനിന്നുമുണ്ടായ അപക്വമായ പരാമര്‍ശങ്ങള്‍ പ്രശ്നത്തെ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ.
സംസ്ഥാനത്ത് ഓരോ വിദ്യാലയവും പ്രവര്‍ത്തിക്കേണ്ടത് നാടിന്റെ നിയമങ്ങള്‍ക്കനുസരിച്ചാണ്. ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങളും സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികളും വിദ്യാഭ്യാസ അവകാശ നിയമവും കേരള വിദ്യാഭ്യാസ നിയമവും ചട്ടങ്ങളും പാലിക്കാന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ട്. ഇതിനു വിരുദ്ധമായ നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതില്‍ ഇടപെടാനുള്ള പൂര്‍ണ അധികാരം വിദ്യാഭ്യാസവകുപ്പിനുണ്ട്”- മന്ത്രി പറഞ്ഞു.
സ്കൂളിന്റെ ശാന്തവും സമാധാനപരവുമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പ്രശ്നങ്ങള്‍ക്ക് രമ്യമായ പരിഹാരം കാണുന്നതിനു പകരം അതിനെ രാഷ്്ട്രീയ വിവാദമാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിയമപരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യും. ആ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തി കഴിഞ്ഞതിനു ശേഷവും വീണ്ടും പ്രകോപനം ഉണ്ടാക്കുന്നതിനുവേണ്ടി പത്രസമ്മേളനം നടത്തിയത് ഉചിതമാര്‍ഗം അല്ലെന്നും മന്ത്രി പറഞ്ഞു.