അസോസിയേഷൻ ഓഫ് മോറൽ തിയോളജിയൻസ് കോണ്‍ഫറൻസ്
Thursday, October 16, 2025 1:53 AM IST
തിരുവനന്തപുരം: കത്തോലിക്കാസഭയിലെ രാജ്യത്തെ ധാർമിക ദൈവശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് മോറൽ തിയോളജിയൻസ് ഇന്ത്യയുടെ 35-ാമതു ത്രിദിന വാർഷിക കോണ്‍ഫറൻസ് നാളെ തിരുവനന്തപുരത്ത് ആരംഭിക്കും.
വെങ്ങാനൂർ സ്പാർക്ക് പാസ്റ്ററൽ സെന്ററിൽ നാളെ രാവിലെ പത്തിന് മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കോണ്‍ഫറൻസ് ഉദ്ഘാടനം ചെയ്ത് ആമുഖ സന്ദേശം നൽകും.
ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ സന്ദേശം നൽകും. മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ് മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻ പ്രസിഡന്റ് ഫാ. ഷാജി ജോർജ് കൊച്ചുതറ സിഎംഐ അധ്യക്ഷനായിരിക്കും.
’സമാധാന സ്ഥാപകർ ഭാഗ്യവാന്മാർ’ എന്ന വിശുദ്ധ ഗ്രന്ഥ വചനത്തെ ആസ്പദമാക്കിയാണ് വിവിധ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നത്. സമകാലീന പ്രശ്നങ്ങളുടെ വെളിച്ചത്തിൽ സംഘർഷങ്ങളെയും അവയുടെ പരിഹാരമാർഗങ്ങളെയും സമാധാന സംസ്ഥാപനത്തെയും സംബന്ധിച്ചാണ് കോണ്‍ഫറൻസ് ചർച്ച ചെയ്യുന്നത്.