ഡിഎ കുടിശിക: സാവകാശം തേടി സര്‍ക്കാര്‍
Friday, October 17, 2025 2:27 AM IST
കൊച്ചി: അധ്യാപകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ഡിഎയുമായി ബന്ധപ്പെട്ട പരിഷ്കരിച്ച സ്കീം ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി.
ഡിഎ കുടിശികയില്‍ 25 ശതമാനമെങ്കിലും അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറേഷന് പ്രസിഡന്റ് എന്‍. മഹേഷ് അടക്കം സമര്‍പ്പിച്ച ഹര്‍ജികളിലാണ് സ്കീമും ആക്ഷന്‍ പ്ലാനും ഉള്‍പ്പെടുത്തി അധിക സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സമയം തേടിയത്.
2021 മുതലുള്ള ക്ഷാമബത്തയും ക്ഷാമാശ്വാസവുമാണ് ജീവനക്കാര്‍ക്കു ലഭിക്കാനുള്ളത്. മുഖ്യമന്ത്രി നിയമസഭയില്‍ നല്കിയ ഉറപ്പുപ്രകാരം പ്രതിവര്‍ഷം രണ്ട് ഡിഎ വീതം അനുവദിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍, ഇത് ഈ വര്‍ഷങ്ങളില്‍ നല്‍കേണ്ട ആനുകൂല്യമാണെന്നും മുന്‍കാല കുടിശികയല്ലെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
കടമെടുപ്പ് പരിധിയടക്കം വെട്ടിക്കുറച്ച സാഹചര്യത്തില്‍ കേരളം സാമ്പത്തിക പ്രയാസത്തിലാണ്. ഇതുകൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി. കുടിശിക കൊടുത്തുതീര്‍ക്കാന്‍ ബാധ്യതയുള്ളതിനാല്‍ ഈ പ്രശ്നം സര്‍ക്കാരിന് ഇനിയും അഭിമുഖീകരിക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി.