വന്യജീവി സംരക്ഷണ ഭേദഗതി ബില്‍; കര്‍ഷകരെ പറ്റിക്കാനാണെങ്കിൽ ശക്തമായി പ്രതികരിക്കുമെന്ന് മാര്‍ ഇഞ്ചനാനിയില്‍
Friday, October 17, 2025 2:27 AM IST
തിരുവമ്പാടി: സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ ആത്മാര്‍ഥത ഉള്ളതാണോയെന്നു സംശയമുണ്ടെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കര്‍ഷകരെ പറ്റിക്കാനുള്ള നീക്കമാണെങ്കില്‍ ജനങ്ങള്‍ അതിശക്തമായി പ്രതികരിക്കുമെന്നും താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അവകാശസംരക്ഷണ യാത്രയുടെ താമരശേരി രൂപതയിലെ പര്യടനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
കേരളത്തിലെ വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ അവകാശ പോരാട്ടം നടത്തിയ സമര പാരമ്പര്യം കത്തോലിക്ക കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ടാണ് വിമോചന സമരത്തിന്റെ ഓര്‍മകള്‍ ചില സന്ദര്‍ഭത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിക്കു തികട്ടിവരുന്നത്.
വന്യമൃഗങ്ങളെ മാത്രമല്ല ഇരുകാലില്‍ ഉപദ്രവിക്കാന്‍ വരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും നേരിടേണ്ടിവരുന്ന അവസ്ഥയാണ് കര്‍ഷകര്‍ക്കുള്ളത്. വന്യമൃഗങ്ങള്‍ കൃഷി ഭൂമിയില്‍ വന്നാല്‍ കൈകാര്യം ചെയ്യാന്‍ കര്‍ഷകര്‍ തീരുമാനിച്ചുകഴിഞ്ഞെന്നും ബിഷപ് സൂചിപ്പിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജാഥാ ക്യാപ്ടന് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, രൂപത ഡയറക്ടര്‍ ഫാ.സബിന്‍ തൂമുള്ളില്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ.ജോസുകുട്ടി ജെ. ഒഴുകയില്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ട്രീസ സെബാസ്റ്റ്യന്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, മേഖല ഡയറക്ടര്‍ ഫാ. തോമസ് നാഗപറമ്പില്‍, രൂപത സെക്രട്ടറി ഷാജി കണ്ടത്തില്‍, ബെന്നി ലൂക്കോസ്, ജോസഫ് പുലക്കുടി, പ്രിന്‍സ് തിനംപറമ്പില്‍, സജീവ് പുരയിടം, ടോമി ചക്കിട്ടമുറിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
രാജന് ചെമ്പകം, തോമസ് പുത്തന്‍പുരയ്ക്കല്‍, സണ്ണി പുതുപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. വിവിധ സ്ഥലങ്ങളിൽ ഗ്ലോബൽ ഭാരവാഹികളായ രാജേഷ് ജോൺ, ബെന്നി ആന്റണി, ജോർജ് കോയിക്കൻ, ജയ്മോൻ തോട്ടപുറം, ജോണി വടക്കേക്കര എന്നിവർ പ്രസംഗിച്ചു.
താമരശേരി രൂപതയിലെ മരുതോങ്കര, കൂരാച്ചുണ്ട്, താമരശേരി, കോടഞ്ചേരി, തോട്ടുമുക്കം, തിരുവമ്പാടി പ്രദേശങ്ങളിലും പര്യടനം നടത്തിയ അവകാശസംരക്ഷണ യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍ പര്യടനം നടത്തും.