നിയമസഭാ സമ്മേളനം ശനിയാഴ്ച അത്യപൂർവം
Thursday, October 16, 2025 1:53 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: സാധാരണയായി ശനിയും ഞായറും നിയമസഭാ സമ്മേളനം ചേരാറില്ല. എന്നാൽ, കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രഖ്യാപനത്തിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്പോൾ 38 വർഷത്തിനു ശേഷമാണ് ശനിയാഴ്ച കേരള നിയമസഭ സമ്മേളിക്കുന്നതെന്ന ചരിത്രപരമായ പ്രത്യേകതയുണ്ട്.
1987 ഡിസംബർ 11, 12 തീയതികളിലെ ശനിയും ഞായറുമായിരുന്നു അവസാനമായി അവധി ദിനങ്ങളിൽ സഭ സമ്മേളിച്ചത്. ആ വർഷം ഡിസംബർ 11 വെള്ളിയാഴ്ചയാണ് അഴിമതി നിരോധന ബിൽ പാസാക്കുന്നതിനുള്ള ചർച്ച തുടങ്ങിയത്. വെള്ളിയാഴ്ച വാദ-പ്രതിവാദങ്ങൾ അവസാനിക്കാത്ത സാഹചര്യത്തിൽ ശനിയിലേക്കു നീണ്ടു. അന്നും ചർച്ച തീരാതിരുന്നതോടെ ഞായാറാഴ്ച പുലർച്ചെ 4.35നാണ് ബിൽ പാസാക്കി സഭ പിരിഞ്ഞതെന്നാണ് രേഖകൾ. ഇ.കെ. നായനാരായിരുന്നു അന്നു മുഖ്യമന്ത്രി.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 25-ാം വാർഷികമായ 1972 ഓഗസ്റ്റ് 14ന് അർധരാത്രിയിലും കേരള നിയമസഭ ചേർന്നിട്ടുണ്ട്. 14ന് രാത്രി 10.30നു തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനം 15ന് 12.15നാണ് സമാപിച്ചത്. സിപിഐ നേതാവ് സി. അച്യുതമേനോനായിരുന്നുന്നു മുഖ്യമന്ത്രി. ലീഗിലെ മൊയ്തീൻകുട്ടി ഹാജി സ്പീക്കറും. കോണ്ഗ്രസിലെ കെ. കരുണാകരനും ആർഎസ്പിയിലെ ടി.കെ. ദിവാകരനുമൊക്കെ അന്നു പ്രസംഗിച്ചതിന്റെ രേഖകൾ നിയമസഭയിലുണ്ട്.
ഇ.എം.എസ്. നന്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സിപിഎം അംഗങ്ങൾ അന്നു നിയമസഭ ബഹിഷ്കരിച്ചിരുന്നു. നവംബർ ഒന്നിനു നിയമസഭാ സമ്മേളനം ചേരുന്പോൾ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ നിലപാടും നിർണായകമാകും.
തിരു-കൊച്ചി നിയമസഭയിലും അതിനു മുൻപും ശനിയാഴ്ച നിയമസഭയ്ക്ക് അവധിയില്ലായിരുന്നു. കേരള നിയമസഭ രൂപീകൃതമായ ശേഷം നിയമസഭാ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടത്തിലെ 13(2)ൽ ഭേദഗതി വരുത്തിയാണ് ശനിയാഴ്ച അവധിയാക്കിയത്. ഇനി ശനിയാഴ്ച സഭ ചേരണമെങ്കിൽ ചട്ടം 13(2) താത്കാലികമായി സസ്പെൻഡ് ചെയ്ത ശേഷം മാത്രമേ സഭ വിളിച്ചു ചേർക്കാനാകൂ.
നിയമസഭയ്ക്കു മാത്രമേ ചട്ടം സസ്പെൻഡ് ചെയ്യാനാകൂ. ഇതിനാൽ നവംബർ ഒന്നിനു രാവിലെ ചട്ടം സസ്പെൻഡ് ചെയ്യുന്ന ആദ്യ നടപടിക്രമത്തിനു ശേഷമാകും പ്രത്യേക സഭാ സമ്മേളനം ചേരുക.