മുഖ്യമന്ത്രി ഗൾഫ് സന്ദർശനത്തിനു പുറപ്പെട്ടു
Thursday, October 16, 2025 2:48 AM IST
തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ ആദ്യഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാത്രി 10ന് ഗൾഫ് എയർ വിമാനത്തിൽ ബഹ്റിനിലേക്കു പോയി. ഇന്ന് ബഹ്റിനിലെ പ്രവാസി സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.
മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ സൗദി അറേബ്യ സന്ദർശിക്കാൻ പരിപാടി ക്രമീകരിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ ബഹ്റിനിൽനിന്നു മുഖ്യമന്ത്രി വ്യാഴാഴ്ച കൊച്ചിയിലേക്കു മടങ്ങിയെത്തും.
തുടർന്ന് ഒമാൻ, ഖത്തർ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങൾ വിവിധ ഘട്ടങ്ങളായി സന്ദർശിക്കും. 24ന് ഒമാനിലേക്കും 30ന് ഖത്തറിലേക്കും നവംബർ ഏഴിന് കുവൈറ്റിലേക്കും പോകും.
നവംബർ എട്ടിന് യുഎഇ സന്ദർശനത്തോടെ മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം സമാപിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പരിപാടികളിലേറെയും ക്രമീകരിച്ചിട്ടുള്ളത്.