ശിരോവസ്ത്രം എസ്പിസി യൂണിഫോമിൽ വേണ്ട; 2022ലെ സർക്കാർ നിലപാട് കർശനം
Thursday, October 16, 2025 2:48 AM IST
സിജോ പൈനാടത്ത്
കൊച്ചി: സ്കൂളുകളിലെ യൂണിഫോമിനൊപ്പം ശിരോവസ്ത്രം ധരിക്കുന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് ഇപ്പോൾ ഉദാരസമീപനമെങ്കിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) യൂണിഫോമിൽ അതു വേണ്ടെന്ന കാര്യത്തിൽ നിലപാട് കർശനം. സംസ്ഥാന ആഭ്യന്തരവകുപ്പ് 2022ൽ പുറത്തിറക്കിയ ഉത്തരവിൽ, എസ്പിസി യൂണിഫോമിൽ മതപരമായ വസ്ത്രങ്ങൾ അനുവദിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
2021ൽ എസ്പിസിയിൽ ചേർന്ന കോഴിക്കോട് കുറ്റ്യാടിയിലെ എട്ടാം ക്ലാസ് വിദ്യാർഥിനി മതാചാരത്തിന്റെ ഭാഗമായ ഹിജാബും നീളൻ കൈ ഷർട്ടും ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചിരുന്നു. മതാചാരം അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ ഭരണഘടന അനുവദിക്കുന്നുവെന്നതായിരുന്നു വിദ്യാർഥിനി കോടതിയിൽ വാദിച്ചത്.
വിഷയത്തിൽ തീരുമാനമെടുക്കാൻ നിർദേശിച്ചതിനെത്തുടർന്നാണ് എസ്പിസി യൂണിഫോമിൽ മതപരമായ വസ്ത്രങ്ങൾ അനുവദിക്കില്ലെന്ന ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്.
യൂണിഫോമിൽ മതപരമായ ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്നത് കേരളത്തിന്റെ മതേതര നിലപാടിന് തിരിച്ചടിയാകുമെന്നും സർക്കാർ അന്നു ഹൈക്കോടതിയെ അറിയിച്ചു.
മതപരമായ കാര്യങ്ങൾ എസ്പിസി യൂണിഫോമുമായി ചേർക്കുന്നത് മറ്റു സേനകളിലും സമാനമായ ആവശ്യങ്ങൾ ഉന്നയിക്കപ്പെടുന്നതിനു കാരണമാകുമെന്ന് കോടതി വിലയിരുത്തി. ഇതു സേനകളുടെ അച്ചടക്കത്തെയും മതേതര നിലനില്പിനെയും ദുർബലപ്പെടുത്തുമെന്നും കോടതി അന്നു പറഞ്ഞു.
ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള സേനകളിലോ എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ് പോലുള്ള വിദ്യാർഥികൾക്കായുള്ള പദ്ധതികളിലോ മതപരമായ വസ്ത്രങ്ങൾ അനുവദിച്ചിട്ടില്ലെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കിയിരുന്നു.