ഭിന്നശേഷി സംവരണ നിയമനം; സര്‍ക്കാര്‍ നിബന്ധനകള്‍ക്കെതിരേ സ്കൂള്‍ മാനേജ്മെന്റുകളുടെ അപ്പീല്‍
Friday, October 17, 2025 2:27 AM IST
കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിബന്ധനകള്‍ക്കെതിരേ സ്കൂള്‍ മാനേജ്മെന്റുകള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. കേരള പ്രൈവറ്റ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷൻ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.
2018 നവംബര്‍ 18നും 2021 നവംബര്‍ എട്ടിനുമിടയില്‍ നടന്ന നിയമനങ്ങള്‍ക്കു നിബന്ധനയോടെ അംഗീകാരം നല്കാന് നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ സ്കൂളിലെ ആദ്യ ഒഴിവുതന്നെ ഭിന്നശേഷിക്കാര്‍ക്കായി നീക്കിവയ്ക്കണമെന്നതടക്കമുള്ള നിര്‍ദേശമാണു സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതു റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍ വിഭാഗങ്ങളെ ഒറ്റ യൂണിറ്റാക്കി കണക്കാക്കി ഒഴിവുകള്‍ നിശ്ചയിക്കാന്‍ നിര്‍ദേശിക്കുക, പ്രൈമറി സ്കൂളുകളില്‍ ഉത്തരവ് ബാധകമാക്കരുത് തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നില്ല.
ചില മാനേജ്മെന്റുകള്‍ക്ക് നിയമനാംഗീകാരം സംബന്ധിച്ച് ഇളവുകള്‍ അനുവദിച്ച് കോടതി ഉത്തരവ് നല്കിയിട്ടുള്ളതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി 22ന് പരിഗണിക്കും.