ഡിജിറ്റല്‍ പേമെന്റ് സുരക്ഷാ നിര്‍ദേശങ്ങളുമായി എന്‍പിസിഐ
Friday, October 17, 2025 1:06 AM IST
തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ചും മറ്റ് ഉത്സവകാലങ്ങളിലും സുരക്ഷിതമായി ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നതിനായി നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ)അഞ്ച് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
ഉത്സവകാലങ്ങളില്‍ ഓണ്‍ലൈന്‍-ഓഫ്ലൈന് ചാനലുകളിലൂടെ ആകര്‍ഷകമായ വിലക്കുറവുകള്‍, കുറച്ചു സമയത്തേക്കു മാത്രം ലഭ്യമായ ഓഫറുകള്‍, കാഷ്ബാക്ക് പ്രമോഷനുകള്‍ എന്നിവ നല്കി വന്‍ തട്ടിപ്പുകള്‍ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇത്തരം ഓഫറുകള്‍ വേഗത്തില്‍ വാങ്ങലിനായി പ്രേരിപ്പിക്കുന്നതിനാല്‍ കരുതലോടെ മാത്രം ഇടപാടുകള്‍ നടത്തണമെന്ന് എന്‍പിസിഐ മുന്നറിയിപ്പു നല്കുന്നു.
ഔദ്യോഗിക ആപ്പുകളിലും വെബ്സൈറ്റുകളിലും മാത്രമേ ഷോപ്പിംഗ് ചെയ്യാവൂ. തട്ടിപ്പുകാര്‍ ഉത്സവ സീസണുകളില്‍ വ്യക്തിഗത വിവരങ്ങളും പേമെന്റ് വിവരങ്ങളും മോഷ്ടിക്കാന്‍ ഔദ്യോഗിക വെബ്സൈറ്റുകള്‍ പോലെ തോന്നിക്കുന്ന വ്യാജ സൈറ്റുകളും ലിങ്കുകളും സൃഷ്ടിക്കാറുണ്ട്.
പ്രമോഷണല്‍ ഇ-മെയില്‍, എസ്എംഎസ്, അല്ലെങ്കില്‍ ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങളിലെ ലിങ്കുകള്‍ എന്നിവയില്‍ ക്ലിക്ക് ചെയ്യരുത്. അജ്ഞാത ഉറവിടങ്ങളില്‍നിന്നു ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ലിങ്കുകള്‍ തുറക്കുകയോ ചെയ്യരുത്.
ചില തട്ടിപ്പുകാര്‍ ഉപയോക്താക്കളെ ഷോപ്പിംഗ് ആപ്പിന്റെയോ വെബ്സൈറ്റിന്റെയോ പുറത്തുള്ള യുപിഐ ഐഡികളിലേക്കോ ലിങ്കുകളിലേക്കോ പണമടയ്ക്കാന്‍ പ്രേരിപ്പിക്കും. ഇതിലൂടെ സുരക്ഷാ പരിശോധനകള്‍ ഒഴിവാക്കപ്പെടും. എപ്പോഴും ഔദ്യോഗിക ചെക്കൗട്ട് പേജിലൂടെ മാത്രമേ ഇടപാടുകള്‍ നടത്താവൂ.
സൗജന്യ വൗച്ചറുകളെയും കാഷ്ബാക്ക് വാഗ്ദാനങ്ങളെയും ജാഗ്രതയോടെ സമീപിക്കണം. റിവാര്‍ഡുകള്‍, കാഷ്ബാക്ക്, അല്ലെങ്കില്‍ ഉത്സവ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങള്‍ എന്നിവയോടു പ്രതികരിക്കരുത്. ഒടിപി, അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ആരുമായും ഷെയര്‍ ചെയ്യരുത്. അപ്രതീക്ഷിത ഒടിപി അഭ്യര്‍ഥനകളെ ഗൗരവത്തോടെ കാണണം.
‘പേമെന്റ് പരാജയപ്പെട്ടു’ അല്ലെങ്കില്‍ ‘അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുന്നു’ എന്നിങ്ങനെയുള്ള വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ചു പ്രശ്നം പരിഹരിക്കാനായി ചില തട്ടിപ്പുകാര്‍ ഒടിപി ആവശ്യപ്പെടാറുണ്ട്. ബാങ്കുകളോ പേമെന്റ് ആപ്പുകളോ ഒരിക്കലും ഫോണ്‍ കോളിലൂടെയോ സന്ദേശങ്ങളിലൂടെയോ ഒടിപി ആവശ്യപ്പെടാറില്ല.
തട്ടിപ്പുകാര്‍ പലപ്പോഴും ‘ഓഫര്‍ ഉടന്‍ അവസാനിക്കും’ എന്ന ഭീതിയില്‍ പെട്ടെന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കും. യഥാര്‍ഥ പ്ലാറ്റ്ഫോമുകള് ഇത്തരത്തിലുള്ള ഭയപ്പെടുത്തല്‍ തന്ത്രങ്ങള്‍ ഒരിക്കലും ഉപയോഗിക്കാറില്ല.
സുരക്ഷിതമായ ഇടപാട് ഉറപ്പാക്കുന്നതിനായി ഉപയോക്താക്കള്‍ ‘നിര്‍ത്തുക, ചിന്തിക്കുക, പ്രവര്‍ത്തിക്കുക’ എന്ന തത്വം പിന്തുടരണം. അപ്രതീക്ഷിത അഭ്യര്‍ഥനകള്‍ നേരിടുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ ചിന്തിച്ചു പരിശോധിച്ച്, അതിനുശേഷം ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുക.