കൊച്ചി നേവി മാരത്തണ്‍: ഒരുക്കങ്ങള്‍ ആരംഭിച്ചു
Friday, October 17, 2025 1:06 AM IST
കൊച്ചി: ദക്ഷിണ നാവിക കമാന്‍ഡ് സംഘടിപ്പിക്കുന്ന കൊച്ചി നേവി മാരത്തണ്‍ (കെഎന്‍എം–25) ആറാം പതിപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍ റണ്‍, അഞ്ചു കിലോമീറ്റര്‍ ഫണ്‍ റണ്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ഡിസംബര്‍ 21നാണ് മത്സരം.
നാവിക ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മാരത്തണില്‍ ഇക്കുറി ഏഴായിരത്തിലധികം കായികപ്രേമികള്‍ പങ്കെടുക്കും. മാരത്തണിന്റെ പ്രചാരണാര്‍ഥം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളില്‍ പ്രമോ റണ്‍ നടക്കും.അഞ്ചു കിലോമീറ്റര്‍ ഫണ്‍ റണ്ണിന്റെ ഭാഗമായി ഫാമിലി റണ്ണും ഇക്കുറി മാരത്തണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 വയസിനു താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഈ വിഭാഗത്തില്‍ ഒരുമിച്ച് ഓടാം.
മാതാപിതാക്കള്‍ക്കും രണ്ടു കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വെല്ലിംഗ്ടൺ ഐലന്‍ഡിലെ പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയത്തിനു (പോര്‍ട്ട് ട്രസ്റ്റ് ഗ്രൗണ്ട്) സമീപമുള്ള കെ.കെ. പ്രേമചന്ദ്രന് സ്പോര്‍ട്സ് കോംപ്ലക്സില്നിന്നാണു മാരത്തണ്‍ തുടങ്ങുക.
രജിസ്ട്രേഷന്: www.kochinavymarathon.com. 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 25 ശതമാനവും നവംബര്‍ 15 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 10 ശതമാനവും രജിസ്ട്രേഷന് ഫീസില്‍ ഇളവ് ലഭിക്കും. ഇരുപതോ അതില്‍ അധികമോ ഉള്ള ഗ്രൂപ്പായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 20 ഡിസ്കൗണ്ടും ലഭിക്കും.