മരട് ‘പൊളി’ക്കൽ മാതൃകയില്‍ ചന്ദര്‍ കുഞ്ചും
Thursday, October 16, 2025 1:53 AM IST
കൊച്ചി: ബലക്ഷയത്തെത്തുടര്‍ന്ന് ഹൈക്കോടതി പൊളിച്ചുകളയാന്‍ ഉത്തരവിട്ട വൈറ്റിലയിലെ ചന്ദര്‍ കുഞ്ച് ഫ്ലാറ്റ് സമുച്ചയം സ്ഫോടനത്തിലൂടെ തകര്‍ക്കുന്നതിനുള്ള നടപടികളിലേക്കു കടന്ന് ജില്ലാ ഭരണകൂടം.
മരട് മാതൃകയിലാകും ഫ്ലാറ്റ് പൊളിക്കല്‍. ഇതിനായുള്ള കമ്പനികളെ കണ്ടെത്തുന്നതിന് പത്തു ദിവസത്തിനകം ടെന്‍ഡര്‍ നടപടികളിലേക്കു കടക്കും. നാലു മാസത്തിനകം ഫ്ലാറ്റ് പൊളിക്കാനാണു ലക്ഷ്യമിടുന്നത്. ടെന്‍ഡര്‍ ഏറ്റെടുക്കുന്ന കമ്പനികള്‍ വിശദമായ പ്ലാന്‍ തയാറാക്കും.
പൊളിച്ചുനീക്കേണ്ട ഇരട്ട ടവറുകളില്‍നിന്ന് 50 മീറ്റര്‍ മാത്രം അകലത്തിലാണ് മൂന്നാമത്തെ ടവറുള്ളത്. 40 മീറ്റര്‍ അകലത്തിലൂടെയാണ് മെട്രോ റെയില്‍പാത കടന്നുപോകുന്നത്.
ഇവയെല്ലാം സുരക്ഷിതമാക്കി വേണം ഫ്ലാറ്റ് പൊളിച്ചുനീക്കാന്‍. ഈ സാഹചര്യങ്ങളടക്കം പരിഗണിച്ചാകും വിദഗ്ധ പ്ലാന്‍ തയാറാക്കുക. ഇതു ജില്ലാ ഭരണകൂടത്തിനു കൈമാറി സുരക്ഷിതരീതിയിലാകും നടപടികളെന്ന് ഉറപ്പാക്കിയ ശേഷമാകും പൊളിക്കല്‍ നടപടികളിലേക്കു കടക്കുക.
നിലവില്‍ മൂന്ന് ഫ്ലാറ്റിലെ താമസക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്. ഇവരെ വൈകാതെ മാറ്റിപ്പാര്‍പ്പിക്കും. പുതിയ താമസസൗകര്യം ആകുന്നതുവരെ പ്രതിമാസം 35,000 രൂപ താമസക്കാർക്കു നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
സൈനികര്‍, വിരമിച്ച സൈനികള്‍, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കായി വൈറ്റിലയ്ക്കടുത്ത് സില്‍വര്‍ സാന്‍ഡ് ഐലന്‍ഡില്‍ 2018ലാണ് മൂന്നു ടവറുകളിലായി 264 ഫ്ലാറ്റുകള്‍ നിര്‍മിച്ചത്. 2013ലാണ് നിര്‍മാണം ആരംഭിച്ചത്. ഫ്ലാറ്റുകള്‍ സുരക്ഷിതമല്ലെന്നു കാണിച്ച് താമസക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
രണ്ടു ടവറുകള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും താമസിക്കുന്നത് സുരക്ഷിതമല്ലെന്നും കോടതി നിരീക്ഷിച്ചു. പൊളിക്കാനും പുതിയതു നിര്‍മിക്കാനും ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.