ഒ.ജെ. ജെനീഷ് ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ചു
Friday, October 17, 2025 1:06 AM IST
കോട്ടയം: ഉമ്മന്‍ചാണ്ടി പുതുതലമുറയിലെ പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകമെന്ന് നിയുക്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജെനീഷ്.
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുള്ള യാത്രയില്‍ പ്രചോദനം ആയിരിക്കുമെന്നും ജനീഷ് പറഞ്ഞു.
തിരുവനന്തപുരത്ത് തമ്പാനൂര്‍ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത കോട്ടയം സ്വദേശി അനന്തു അജിയുടെ ആത്മഹത്യ കുറുപ്പില്‍ പറയുന്ന കാര്യങ്ങള്‍ അതീവ ഗൗരവം ഉള്ളതാണ്. മരണമൊഴിയില്‍ ഒരു മനുഷ്യനും നുണ പറയില്ല, അതുകൊണ്ടുതന്നെ നേരത്തേ പുറത്തുവന്ന ആത്മഹത്യാ കുറുപ്പിലും , ഇന്നലെ പുറത്തുവന്ന ഇന്‍സ്റ്റാഗ്രാം വീഡിയോയിലും പറയുന്ന കാര്യങ്ങളില്‍ അവിശ്വസിക്കേണ്ടതായ സാഹചര്യമില്ല.
ആര്‍എസ്എസ് ക്യാമ്പുകളില്‍ നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ പുറത്തു വരണമെന്നും ആ വിഷയത്തില്‍ കേസെടുക്കുന്നതില്‍ പോലീസിന്റെ അലംഭാവം പ്രതിഷേധാര്‍ഹമാണെന്നും ജെനീഷ് പറഞ്ഞു. ചാണ്ടി ഉമ്മന്‍ എംഎല്‍എയോടൊപ്പമാണ് ജെനീഷ് കല്ലറയിലെത്തിയത്.