""ക്രൈസ്തവർ പാർശ്വവത്കരിക്കപ്പെടുന്നുണ്ടോയെന്ന ആശങ്കയിൽ''
Thursday, October 16, 2025 2:48 AM IST
പാലാ: ക്രൈസ്തവ സമൂഹം ഇവിടെ ഉണ്ടായ കാലം മുതൽ സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ ആർക്കും നിഷേധിക്കാനാവില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ.
പാലാ ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന കേരളത്തിലെ എപ്പിസ്കോപ്പല്‍ സഭകളുടെ പ്രതിനിധി സമ്മേളനത്തിന്റെ തീരുമാനങ്ങൽ വിശദീകരിക്കാൻ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവ.
ദേശീയോദ്ഗ്രഥനം, ആരോഗ്യ, വിദ്യാഭ്യാസ, സമൂഹ്യസേവന രംഗങ്ങളിലെല്ലാം സഭ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ വിദ്യാഭ്യാസ മേഖലയിലടക്കം ക്രൈസ്തവർ പാർശ്വവത്കരിക്കപ്പെടുന്നുണ്ടോയെന്ന ആശങ്ക സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ പിതാക്കന്മാരും പ്രകടിപ്പിച്ചു. നാം എത്ര പേരുണ്ടെന്നതല്ല; നാം ചെയ്യുന്ന ശുശ്രൂഷയാണു പ്രധാനം. അതുകൊണ്ടുതന്നെ ക്രൈസ്തവ ശബ്ദം ഒരുമിച്ചുയര്ത്തുമെന്നും കാതോലിക്കാ ബാവാ പറഞ്ഞു. സമ്മേളനത്തിൽ സീറോ മലബാര്‍ സഭയുടെ വിദ്യാഭ്യാസ-എക്യുമെനിക്കല്‍ കമ്മീഷനുകളുടെ ചെയര്‍മാനും പാലാ ബിഷപ്പുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായിരുന്നു.
സഭയും രാഷ്ട്രവും സംബന്ധിക്കുന്ന കാര്യങ്ങളാണ് സമ്മേളനത്തിൽ ചര്‍ച്ച ചെയ്തതെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
സമ്മേളനത്തില്‍ മര്‍ത്തോമ്മാ സഭ സഫ്രഗന്‍ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ബര്‍ണബാസ്, പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ അധ്യക്ഷനും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറിയുമായ മാര്‍ ഔഗിന്‍ കുറിയാക്കോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ സേവേറിയാസ് വലിയമെത്രാപ്പോലീത്ത, മലങ്കര ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത, യാക്കോബായ സുറിയാനി സഭ മൂവാറ്റുപുഴ മേഖലാധിപന്‍ മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത, സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി.എസ്. ഫ്രാന്‍സിസ്, സീറോമലബാര്‍ സഭ ഷംഷാബാദ് അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം, മലബാര്‍ സ്വതന്ത്ര സുറിയാനി സഭ സെക്രട്ടറി ബിനോയി പി. മാത്യു, സീറോമലങ്കര സഭ എക്യുമെനിക്കല്‍ കമ്മീഷന് സെക്രട്ടറി ഫാ. ജോര്‍ജ് തേക്കടയില്‍, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, സീറോ മലബാര്‍ സഭ പിആര്‍ഒ ഫാ. ടോം ഓലിക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ സഭകളില്‍നിന്നുള്ള കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സികളുടെ സെക്രട്ടറിമാരും വിവിധ സഭകളുടെ വൈദിക, അല്മായ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.
സീറോമലബാര്‍ എഡ്യുക്കേഷന്‍ കമ്മീഷന് സെക്രട്ടറി ഫാ. ഡൊമിനിക് അയലൂപറമ്പില്‍ സ്വാഗതവും എക്യുമെനിക്കല്‍ കമ്മീഷന് സെക്രട്ടറി ഫാ. സിറില്‍ തോമസ് തയ്യില്‍ നന്ദിയും പറഞ്ഞു.