31-ാമത്തെ ഹൃദയം മാറ്റിവയ്ക്കൽ; ലിസിക്ക് അഭിമാനവേള
Friday, October 17, 2025 2:27 AM IST
എറണാകുളം ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ 31-ാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം.
സർക്കാരിന്റെ അവയവദാന സംവിധാനമായ കെ സോട്ടോയില്നിന്നു ബുധനാഴ്ച രാത്രിയിലാണ് ഇതുസംബന്ധിച്ച സന്ദേശം ലിസി ആശുപത്രിയില്‍ എത്തുന്നത്. തുടര്‍ന്ന് ലിസി ഡയറക്ടര്‍ റവ.ഡോ. പോള്‍ കരേടന് മന്ത്രി പി. രാജീവ് മുഖേന മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു.
ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ച രണ്ടോടെ ലിസി ആശുപത്രിയില്‍നിന്നു ഡോ. ജേക്കബ് ഏബ്രഹാം, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. അരുണ്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കിംസ് ആശുപത്രിയിലെത്തി ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു.
ഉച്ചയ്ക്ക് 1.30ന് ഹൃദയം വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടു 2.10ന് കൊച്ചി ബോൾഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലെ ഹെലിപ്പാഡിലെത്തി. പോലീസ് സേനയുടെ സഹായത്തോടെ നാല് മിനിറ്റുകൊണ്ട് ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയുടെ മൂന്നാം മണിക്കൂറിൽ അമലിന്റെ ഹൃദയം അജ്മലിൽ സ്പന്ദിച്ചു. അജ്മലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. പെരിയപ്പുറം പറഞ്ഞു.
ഗൾഫിൽ ജോലി ചെയ്യുന്ന അജ്മലിന് കഴിഞ്ഞ ജനുവരിയിലാണ് ഗുരുതരമായ ഹൃദയാഘാതമുണ്ടായത്. ചികിത്സിച്ച ഡോക്ടര്‍മാര്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണമെന്നു നിർദേശിച്ചതിനെത്തുടർന്നാണ് ലിസി ആശുപത്രിയിൽ ഡോ. പെരിയപ്പുറത്തെയും ഡോ. റോണി മാത്യു കടവിലിനെയും കണ്ടത്. ഡോ. ഭാസ്കര്‍ രംഗനാഥന്, ഡോ. പി. മുരുകന്, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്, ഡോ. ആയിഷ നാസര്‍, രാജി രമേഷ്, സൗമ്യ സുനീഷ് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.