കോശി കമ്മീഷൻ: സർക്കാർ ഒളിച്ചുകളി നിർത്തണമെന്നു രാജീവ് കൊച്ചുപറന്പിൽ
Thursday, October 16, 2025 1:53 AM IST
കൽപ്പറ്റ: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നു കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറന്പിൽ. കത്തോലിക്ക കോണ്ഗ്രസ് നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്കു നഗരത്തിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ സമുദായത്തിന്റെ സാമൂഹിക, സാന്പത്തിക പിന്നാക്കാവസ്ഥ സംബന്ധിച്ചു ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് രണ്ടര വർഷം കഴിഞ്ഞും പ്രസിദ്ധപ്പെടുത്താത്തതും ശിപാർശകൾ നടപ്പാക്കാത്തതും കടുത്ത അനീതിയാണ്.
അനാസ്ഥ തുടർന്നാൽ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കത്തോലിക്ക സമുദായം നിർബന്ധിതമാകും. പാലോളി മുഹമ്മദുകുട്ടി കമ്മീഷൻ റിപ്പോർട്ട്, സച്ചാർ കമ്മീഷൻ റിപ്പോർട്ട് എന്നിവ നടപ്പാക്കാൻ കാണിച്ച വേഗവും കാര്യക്ഷമതയും ഇക്കാര്യത്തിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തരിയോട് ഫൊറോന വികാരി ഫാ.തോമസ് പ്ലാശനാൽ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ.കെ.പി. സാജു കൊല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. സജി ഫിലിപ്പ്, ഫാ.ഷിജു ഐക്കരക്കാനായിൽ, സജി ഇരട്ടമുണ്ടക്കൽ, അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, മാത്യു ചോന്പാല, വിൻസന്റ് ചേരവേലിൽ, ജോണ്സണ് കുറ്റിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
ബത്തേരിയിൽ സ്വീകരണ സമ്മേളനം അസംപ്ഷൻ ഫൊറോന വികാരി ഫാ.തോമസ് മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. രൂപത വൈസ് പ്രസിഡന്റ് സാജു പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. ഫാ.ജോസ് മേച്ചേരി, ചാൾസ് വടശേരി, തോമസ് പട്ടമന, മോളി മാമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. മാനന്തവാടിയിൽ സ്വീകരണ റാലി ഫൊറോന ഡയറക്ടർ ഫാ. ജയിംസ് പുത്തൻപറന്പിൽ ഫ്ളാഗ് ഓഫ് ചെയ്തു.
സമ്മേളനം മാനന്തവാടി മെത്രാൻ മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. കാർഷികമേഖലയിലെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു.
വികാരി ജനറാൾ മോണ്. പോൾ മുണ്ടോളയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത ഡയറക്ടർ ഫാ.ജോബി മുക്കാട്ടുകാവുങ്കൽ, സെബാസ്റ്റ്യൻ പുരക്കൽ, അഡ്വ.ഗ്ലാഡിസ് ചെറിയാൻ, തോമസ് പഴുക്കാല, ടി.ജെ. റോബി,ജിജോ മംഗലത്ത്, സേവ്യർ കൊച്ചുകുളത്തിങ്കൽ, സുനിൽ പാലമറ്റം, റെജിമോൻ പുന്നോലിൽ എന്നിവർ പ്രസംഗിച്ചു. റെനിൽ കഴുതാടിയിൽ സ്വാഗതം പറഞ്ഞു.
സ്വീകരണ കേന്ദ്രങ്ങളിൽ ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകുകയിൽ, ട്രഷറർ അഡ്വ.ടോണി പുഞ്ചക്കുന്നേൽ, വൈസ് പ്രസിഡന്റുമാരായ ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോണ്, ജോർജ് കോയിക്കൽ, ജോണി വടക്കേക്കര എന്നിവർ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചു.