ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് റാമ്പും ലിഫ്റ്റും പിഎസ്സി ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി
Friday, October 17, 2025 1:06 AM IST
കൊച്ചി: ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി പരീക്ഷാകേന്ദ്രങ്ങളിൽ റാമ്പും ലിഫ്റ്റും പിഎസ്സി ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി.
ഭിന്നശേഷിക്കാര്‍ക്കു കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ത്തന്നെ സൗകര്യമൊരുക്കണമെന്നതടക്കം 2022ലെ പിഎസ്സി സര്‍ക്കുലര്‍ പ്രകാരമുള്ള നടപടികള്‍ ഉറപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ലിഫ്റ്റ് സൗകര്യമില്ലാത്ത കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ പരീക്ഷാകേന്ദ്രം അനുവദിച്ച് ബുദ്ധിമുട്ടിച്ചതിനെത്തുടര്ന്ന് ഭിന്നശേഷിക്കാരായ 290 ഉദ്യോഗാര്‍ഥികള്‍ക്ക് 1,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന് ഉത്തരവ് റദ്ദാക്കിയാണ് ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
2014 ഓഗസ്റ്റ് എട്ടിന് പിഎസ്സി നടത്തിയ മത്സരപരീക്ഷയ്ക്കു ശാരീരിക വെല്ലുവിളി നേരിടുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി തിരുവനന്തപുരത്ത് ലിഫ്റ്റ് സൗകര്യമില്ലാത്ത കെട്ടിടത്തിന്റെ രണ്ടാംനിലയിലാണു പരീക്ഷാകേന്ദ്രം ഒരുക്കിയിരുന്നത്.
ഉദ്യോഗാര്‍ഥികള്‍ കെട്ടിടത്തില്‍ കയറാന്‍ ബുദ്ധിമുട്ടുന്നത് വാര്‍ത്തയായതോടെ സ്വമേധയാ കേസെടുത്താണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഉദ്യോഗാര്‍ഥികള്‍ക്ക് 2019 ജനുവരി 30ന് നഷ്ടപരിഹാരം വിധിച്ചത്.
ഈ ഉത്തരവിനെതിരേ പിഎസ്സി നല്കിയ ഹർജിയാണു കോടതി പരിഗണിച്ചത്. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ താലൂക്കില്‍തന്നെ പരീക്ഷാകേന്ദ്രം അനുവദിക്കാന്‍ പരമാവധി ശ്രമം വേണമെന്നു കോടതി നിര്‍ദേശിച്ചു.