ആയുർവേദവും ശ്രീധരീയവും ഇഷ്ടപ്പെട്ട ഒഡിഗ
Thursday, October 16, 2025 2:48 AM IST
അപ്പു ജെ.കോട്ടയ്ക്കൽ
കൂത്താട്ടുകുളം: ആയുർവേദത്തിന്റെ മേന്മ ലോകത്തിനു സാക്ഷ്യപ്പെടുത്തിയ വ്യക്തിയായിരുന്നു കൂത്താട്ടുകുളത്ത് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ച മുൻ കെനിയൻ പ്രധാനമന്ത്രി റെയ്ല അമൊളൊ ഒഡിഗ.
ഇദ്ദേഹത്തിന്റെ മകൾ റോസ്മേരി ഒഡിഗയുടെ കാഴ്ചശക്തി തിരികെ കിട്ടിയത് ശ്രീധരീയം ആശുപത്രിയിലെ ചികിത്സയിലൂടെയാണെന്ന് അദ്ദേഹം നിരവധി വേദികളിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പ്രതിവാര റേഡിയോ പ്രഭാഷണപരിപാടിയായ മൻകി ബാത്തിലൂടെ പറഞ്ഞത് ഏറെ വാർത്താ പ്രാധാന്യവും നേടിയിരുന്നു.
2017ൽ റോസ് മേരിക്ക് രോഗത്തെത്തുടർന്നു കാഴ്ചശക്തി നഷ്ടമായി. ഇസ്രയേലിലും ചൈനയിലും ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ 2019ലാണ് ശ്രീധരീയത്തിലെ ആയുർവേദ ചികിത്സയെക്കുറിച്ചറിഞ്ഞ് ഇവിടെത്തിയത്. ചികിത്സയ്ക്ക് ഇദ്ദേഹം മകൾക്കൊപ്പം പലതവണ കൂത്താട്ടുകുളത്ത് എത്തിയിട്ടുണ്ട്.
ശ്രീധരീയത്തിലെ പ്രധാന ആഘോഷങ്ങളിൽ കുടുംബസമേതം ഇദ്ദേഹം പ ങ്കാളിയാകാറുണ്ട്. ശ്രീധരീയത്തിൽ കഴിഞ്ഞവർഷം നടന്ന ദീപാവലി ആഘോഷം ഉദ്ഘാടനം ചെയ്തത് റെയ്ല അമൊളൊ ഒഡിഗയായിരുന്നു.
2019ൽ നെടുമ്പാശേരിയിൽനിന്നും ഹെലികോപ്റ്ററിൽ കൂത്താട്ടുകുളം ഹൈസ്കൂൾ മൈതാനത്ത് ഇറങ്ങിയശേഷം കാറിൽ ശ്രീധരീയത്തിലെത്തിയതു വലിയ വാർത്താശ്രദ്ധ നേടിയിരുന്നു.
പിന്നീട് ശ്രീധരീയത്തിൽ ഹെലിപ്പാഡ് വന്നശേഷം ചികിത്സയ്ക്കായും മകൾക്കു കാഴ്ച കിട്ടിയ സന്തോഷം പങ്കുവയ്ക്കാനും വന്നിരുന്നു. ഇത്തവണ മുംബൈയിൽ ന്യൂറോ സംബന്ധമായ ചികിത്സ തേടിയശേഷമാണ് ആയുർവേദ ചികിത്സയ്ക്ക് കേരളത്തിലെത്തിയത്. വീൽചെയറിൽ ഇരുന്നാണ് പത്തിന് ശ്രീധരീയം ആശുപത്രിയിലേക്ക് എത്തിച്ചത്.
നടക്കാൻ കഴിയുന്ന തരത്തിലേക്കു ചികിത്സ പുരോഗമിച്ചിരുന്നു. പ്രമേഹം, രക്തസമ്മർദം, വൃക്കരോഗം തുടങ്ങിയ അസുഖങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നതായി മെഡിക്കൽ രേഖകൾ ആശുപത്രി അധികൃതർ പുറത്തുവിട്ട മെഡിക്കൽ രേഖയിൽ പറയുന്നു.