പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല
Friday, October 17, 2025 1:06 AM IST
താമരശേരി: കോരങ്ങാട് എല്‍പി സ്കൂളിലെ നാലാം ക്ലാസുകാരി അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
മരണകാരണം ഇന്‍ഫ്ളുവന്‍സ അണുബാധ മൂലമുള്ള വൈറല്‍ ന്യുമോണിയയുടെ സങ്കീര്‍ണതകള്‍ മൂലമാണെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
മകളുടെ മരണകാരണം അറിയണമെന്ന് ആവശ്യപ്പെട്ട് പിതാവ് സനൂപ് കഴിഞ്ഞയാഴ്ച താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചത് ഏറെ വിവാദമായിരുന്നു.
മതിയായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണു മകള്‍ മരിച്ചതെന്ന് ആരോപിച്ചാണ് സനൂപ് ഡോ. വിപിനെ വെട്ടിയത്. പനി ബാധിച്ച മകളുമായി താമരശേരി താലൂക്ക് ആശുപത്രിയിലായിരുന്നു ആദ്യം സനൂപ് എത്തിയത്. അവിടെവച്ച് അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തെങ്കിലും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്ക് മരണം സംഭവിച്ചു.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ചുവെന്നാണ് അനൗദ്യോഗികമായി അധികൃതര്‍ അറിയിച്ചിരുന്നത്. മകളുടെ മരണകാരണം വ്യക്തമാക്കണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും സനൂപ് ആരാഗ്യവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചിരുന്നില്ല. മകളുടെ മരണത്തോടെ മാനസികമായി തകര്‍ന്ന സനൂപ് പിന്നിട് കത്തിയുമായി ആശുപത്രിയിലെത്തി ആക്രമണം നടത്തുകയായിരുന്നു.