മുൻ കെനിയൻ പ്രധാനമന്ത്രി റെയ്ല ഒഡിഗ കൂത്താട്ടുകുളത്ത് അന്തരിച്ചു
Thursday, October 16, 2025 2:48 AM IST
കൂത്താട്ടുകുളം: ചികിത്സയ്ക്കായി കൂത്താട്ടുകുളത്തെത്തിയ മുൻ കെനിയൻ പ്രധാനമന്ത്രി റെയ്ല അമൊളൊ ഒഡിഗ (80) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.
കൂത്താട്ടുകുളം ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ് ക്കെത്തിയ റെയില ഒഡിംഗ ഇന്നലെ രാവിലെ എട്ടോടെ പ്രഭാതനടത്തത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഐസിയുവിൽ ചികിത്സയിലിരിക്കെ രാവിലെ 9.52ന് അന്തരിച്ചു. മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. പിന്നീട് പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി. ഷാജിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം സ്റ്റേഷൻ ഇൻസ്പെക്ടർ സഞ്ജു ജോസഫ് അടക്കമുള്ള പോലീസ് സംഘം ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. കെനിയയിൽനിന്നെത്തുന്ന പ്രത്യേക വിമാനത്തിൽ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.
ന്യൂറോളജി ചികിത്സയ്ക്കായി ഈ മാസം നാലിന് മുംബൈയിൽ എത്തിയ റെയില ഒഡിംഗ ബ്രീച്ച് കാൻഡി ട്രസ്റ്റ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം തുടർചികിത്സയ്ക്കായി ശനിയാഴ്ചയാണ് കൂത്താട്ടുകുളം ശ്രീധരീയം നേത്രചികിത്സാ ആശുപത്രിയിൽ എത്തിയത്. ആശുപത്രിയോടു ചേർന്ന് അദ്ദേഹം താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിന്റെ മുറ്റത്ത് സെക്യൂരിറ്റി ഓഫീസർക്കൊപ്പം പ്രഭാതസവാരി നടത്തവെ കുഴഞ്ഞുവീഴുകയായിരുന്നു.
റെയ്ല ഒഡിഗയോടൊപ്പം ഇളയ മകൾ വിന്നി ഒഡിഗ, പേഴ്സണൽ ഡോക്ടർ ഡേവിഡ് ഒലുഓച്ച് ഒലുന്യ, സുരക്ഷാ ഓഫീസർ മൗറീസ് ഒഗെറ്റ, സുഹൃത്തുക്കളായ അഹമ്മദ് അബ്ടി ജമ, അബ്ടിനൂർ അഹമ്മദ് അബ്ദി, ഇന്ത്യക്കാരനായ ബൈരഗോണി ഗൗഡ് എന്നിവരുമുണ്ടായിരുന്നു.
മൂത്ത മകൾ റോസ് മേരിയുടെ നേത്ര ചികിത്സയ്ക്കായി മുമ്പ് ഒന്നിലധികം തവണ റെയ്ല ഒഡിഗ ശ്രീധരീയത്തിൽ എത്തിയിട്ടുണ്ട്.