ഉണ്ണിക്കൃഷ്ണൻ പോറ്റി അറസ്റ്റിൽ
Friday, October 17, 2025 2:27 AM IST
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
ദ്വാരപാലക ശില്പത്തിൽനിന്നു സ്വർണപ്പാളികൾ കവർച്ച ചെയ്ത കേസിലും ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ സ്വർണം കടത്തിയ കേസിലും ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത പ്രത്യേക അന്വേഷണസംഘം രാത്രി വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെ രാവിലെ കിളിമാനൂരിനു സമീപം പുളിമാത്തിലെ വീട്ടിൽനിന്നു കസ്റ്റഡിയിൽ എടുത്ത ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘത്തിലെ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തു.
തുടർന്ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലും രാത്രിയോടെ പത്തനംതിട്ട എആർ ക്യാന്പിലും കൊണ്ടുപോയി ചോദ്യം ചെയ്തതായിയാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി ശബരിമലയിലുണ്ടായിരുന്ന എസ്പി ശശിധരൻ രാത്രിയോടെ പത്തനംതിട്ടയിലെത്തി ചോദ്യംചെയ്തു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഇന്ന് റാന്നിയിലെ കോടതിയിൽ ഹാജരാക്കും.
അതേസമയം, സ്വർണം പൂശുന്നതിന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സഹായിയായിരുന്ന കൽപേഷിനെയും കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. ശബരിമലയിൽനിന്നു കാണാതായ സ്വർണം കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.
തെളിവുകൾ നിരത്തി പിടികൂടി
തിരുവനന്തപുരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും ശബരിമലയിലും സ്വർണംപൂശിയ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലും ഹൈദരാബാദിലും നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്ത രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പിടികൂടിയത്.
പോറ്റിയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ വീണ്ടും ഹൈദരാബാദിലും ചെന്നൈയിലും പരിശോധന നടത്തിയത്.
കൊള്ളയടിച്ചത് എത്ര സ്വർണം, എവിടെ ഒളിപ്പിച്ചു, ശില്പങ്ങളിലെ സ്വർണപ്പാളി മുറിച്ചു വിറ്റോ, ദേവസ്വം ഉദ്യോഗസ്ഥരുടെയും ദേവസ്വം ബോർഡ് അംഗങ്ങളുടെയും പങ്ക് എന്നിവ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉണ്ണികൃഷ്ണൻ പോറ്റിയിൽനിന്ന് അന്വേഷണ സംഘത്തിനു ലഭിച്ചതായാണു സൂചന.
അടുത്തയാഴ്ച ആദ്യം ഹൈക്കോടതിയിൽ ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് നൽകേണ്ടതുണ്ട്. അന്വേഷണ സംഘം ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കേസ് അന്വേഷണം സിബിഐക്കു കൈമാറും. കേസ് സിബിഐയെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതാണ് അന്വേഷണം വേഗത്തിലാക്കിയത്.
മുരാരി ബാബുവിനെ ഇന്നു ചോദ്യം ചെയ്യും
സംഭവം നടക്കുന്ന സമയത്ത് ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും ഇന്നു ചോദ്യം ചെയ്യുമെന്നാണു സൂചന. കേസിൽ രണ്ടാംപ്രതിയാക്കിയതോടെ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറായിരുന്ന മുരാരിബാബുവിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ കൊണ്ടുപോയി സ്വർണം തട്ടിയത് 2019 മാർച്ചിലാണ്. ശ്രീകോവിലിന്റെ വാതിൽപ്പാളിയിലെ സ്വർണം കവർന്നത് 2019 ഓഗസ്റ്റിലും. 474.9 ഗ്രാം സ്വർണം തട്ടിയെടുത്തതായാണ് ഇതുവരെയുള്ള കണ്ടെത്തൽ. ഇതിൽ വ്യത്യാസം വരാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
സ്വർണം പൂശിയതിന്റെ വാറന്റി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പേരിലായിരുന്നു. ഇതുമുതലെടുത്തായിരുന്നു തട്ടിപ്പ്. ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ 989 ഗ്രാം സ്വർണം തട്ടിയെടുത്തതായാണ് കണ്ടെത്തൽ.