ഭിന്നശേഷി സംവരണം: കോടതിയിലേക്കു വലിച്ചിഴയ്ക്കാതെ ഉത്തരവിറക്കണം
Thursday, October 16, 2025 2:48 AM IST
പാലാ: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഉത്തരവ് ഇറക്കണമെന്നും ഇനിയും കോടതി വ്യവഹാരങ്ങളിലേക്കു വലിച്ചിഴയ്ക്കാതെ പ്രശ്നം പരിഹരിക്കണമെന്നും വിവിധ ക്രൈസ്തവ സഭകളുടെ എക്യുമെനിക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ഇന്നലെ പാലാ ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന കേരളത്തിലെ എപ്പിസ്കോപ്പല്‍ സഭകളുടെ പ്രതിനിധി സമ്മേളനമാണ് ഈ ആവശ്യമുന്നയിച്ചത്.
ഭിന്നശേഷി വിഷയത്തിൽ സർക്കാരിന്റെ സമീപനം ആശ്വാസകരമാണെന്ന നിലപാട് സഭയ്ക്കില്ലെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പത്രസമ്മേളനത്തിലുയർന്ന ചോദ്യത്തിനു മറുപടിയായി പറഞ്ഞു. എൻഎസ്എസിനു ലഭിച്ചതുപോലുള്ള ഉത്തരവ് ലഭിക്കുമെന്ന ഉറപ്പ് കിട്ടാത്തിടത്തോളം കാലം സഭയ്ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരമൊരു ഉത്തരവിറക്കാൻ ഭരണാധികാരികൾ മടിക്കേണ്ടതില്ല. അതിനെതിരായി ഏതെങ്കിലും സംഘടനയോ മറ്റുള്ളവരോ ഗവൺമെന്റിനു മേൽ എതിപ്പുണ്ടാക്കുമെന്നും താൻ കരുതുന്നില്ലെന്നും കാതോലിക്കാ ബാവാ പറഞ്ഞു. ഇക്കാര്യത്തിൽ സമരത്തിനല്ല, ബോധവത്കരണത്തിനാണ് ശ്രമം നടത്തുന്നത്.
ഈ വിഷയത്തിൽ ക്രൈസ്തവസമൂഹത്തിൽ നിലനിൽക്കുന്ന പ്രധാന വികാരം ഗൗരവതരമായ നീതിനിഷേധം നടന്നിട്ടുണ്ട് എന്നതാണെന്ന് സീറോമലബാർ സഭാ പിആർഒ ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന തുല്യത നിഷേധിക്കപ്പെട്ടിരിക്കുന്നു.
എൻഎസ്എസിനു നൽകിയതുപോലുള്ള ഉത്തരവാണ് ക്രൈസ്തവ മാനേജ്മെന്റുകൾക്കും കിട്ടേണ്ടത്. എന്നാൽ, കഴിഞ്ഞദിവസത്തെ ചർച്ചയ്ക്കുശേഷം വിദ്യാഭ്യാസമന്ത്രി പറഞ്ഞത് സുപ്രീംകോടതിയിൽ കേസ് വരുമ്പോൾ സർക്കാർ തടസവാദം ഉന്നയിക്കില്ല എന്നാണ്. ഇക്കാര്യത്തിൽ കോടതി വ്യവഹാരങ്ങളുടെ കാലതാമസം കണക്കിലെടുക്കേണ്ടതുണ്ട്.
2018 മുതൽ 16,000 അധ്യാപകർ ശമ്പളമില്ലാതെ ജോലിചെയ്യുന്നു. ഇവരെ ആശ്രയിച്ചു ജീവിക്കുന്നവരടക്കം 50,000ത്തോളം മനുഷ്യരുടെ ഉപജീവനമാണ് സർക്കാരിന്റെ മനഃപൂർവമുള്ള നീതിവൈകിക്കലിലൂടെ അപകടത്തിലായിരിക്കുന്നതെന്നും ഫാ. ടോം ഓലിക്കരോട്ട് ചൂണ്ടിക്കാട്ടി.
ഭിന്നശേഷി നിയമനത്തിലൂടെ ന്യൂനപക്ഷ സ്ഥാപനങ്ങളിലെ മാനേജര്‍മാര്‍ക്കു ഭരണഘടന നല്‍കിയിരിക്കുന്ന, അധ്യാപകരെ തെരഞ്ഞെടുക്കാനും നിയമിക്കാനുമുള്ള അധികാരം കവര്‍ന്നെടുക്കാനുള്ള ശ്രമത്തെ യോഗം അപലപിച്ചു. ഗവണ്മെന്റ് തരുന്ന ലിസ്റ്റില്‍നിന്ന് ഇന്റര്‍വ്യൂ നടത്തി യോഗ്യരായവരെ തെരഞ്ഞെടുക്കാനുള്ള അവകാശം ന്യൂനപക്ഷ മാനേജ്മെന്റുകള്‍ക്കു പുനഃസ്ഥാപിച്ചു തരണം.
രണ്ടു വര്‍ഷമായി ഒരു നടപടിയും സ്വീകരിക്കാതെ പൂഴ്ത്തിവച്ചിരിക്കുന്ന ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടുകയും കമ്മീഷന് ക്രൈസ്തവ സമുദായങ്ങളുടെ ഉന്നമനത്തിനായി നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യണമെന്നും എക്യുമെനിക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.
സീറോ മലബാര്‍ സഭയുടെ വിദ്യാഭ്യാസ-എക്യുമെനിക്കല്‍ കമ്മീഷനുകളുടെ ചെയര്‍മാനും പാലാ ബിഷപ്പുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് സമ്മേളനം വിളിച്ചുചേര്‍ത്തത്.
ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യസ്ഥാനീയനായി നടത്തപ്പെട്ട യോഗത്തില്‍ വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.