പട്ടികജാതി ഫണ്ട് വെട്ടിക്കുറച്ചു; അന്വേഷണത്തിന് ദേശീയ പട്ടികജാതി കമ്മീഷൻ
Thursday, October 16, 2025 1:53 AM IST
തൃശൂർ: പട്ടികജാതി ക്ഷേമഫണ്ട് വെട്ടിക്കുറച്ച സംസ്ഥാനസർക്കാർ നടപടിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ പട്ടികജാതി കമ്മീഷൻ.
ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടു മുപ്പതുദിവസത്തിനകം മറുപടി നൽകണമെന്നും ബന്ധപ്പെട്ട രേഖകൾ കമ്മീഷനുമുന്നിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് പട്ടികജാതി വിഭാഗങ്ങൾക്ക് അനുവദിച്ച പട്ടികജാതി ക്ഷേമഫണ്ട് സംസ്ഥാനസർക്കാർ പിന്നീട് വെട്ടിക്കുറച്ചു. ഇതുമൂലം സംസ്ഥാനത്തു പട്ടികജാതി പദ്ധതികൾ പൂർണമായും സ്തംഭിച്ചു. പട്ടികജാതി ക്ഷേമത്തിന് അനുവദിച്ച 1,370 കോടി രൂപയിൽ 450 കോടി രൂപ വെട്ടിച്ചുരുക്കി 920 കോടിയാക്കുകയായിരുന്നു.
പട്ടികവർഗക്ഷേമത്തിന് അനുവദിച്ച 502 കോടി രൂപയിൽനിന്ന് 112 കോടി രൂപയും സർക്കാർ വെട്ടിക്കുറച്ചു. പട്ടികവിഭാഗങ്ങളുടെ ഭവനനിർമാണത്തിനു 140 കോടി രൂപ ലൈഫ് മിഷൻ വഴി അനുവദിച്ചെങ്കിലും ഒരുരൂപ പോലും ചെലവഴിച്ചില്ല.
പട്ടികജാതി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹ്യനിലവാരം ഉയർത്തുന്നതിനുമായുള്ള വാത്സല്യനിധി പദ്ധതിക്കായി 10 കോടി രൂപ അനുവദിച്ചെങ്കിലും അപേക്ഷപോലും വിളിക്കാതെ പദ്ധതി പൂർണമായും ഉപേക്ഷിച്ചെന്നുമാണ് പരാതി.
വിഷയത്തിൽ മുഖ്യമന്ത്രിക്കും പട്ടികജാതിമന്ത്രിക്കും പരാതിനൽകിയിട്ടും നടപടികൾ ഉണ്ടാകാത്തതിനെത്തുടർന്നാണ് ഷാജുമോൻ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മീഷനു പരാതി സമർപ്പിച്ചത്.