ഭൂപതിവു ചട്ട ഭേദഗതി വിജ്ഞാപനമായി
Friday, October 17, 2025 1:06 AM IST
തിരുവനന്തപുരം: കാർഷിക ആവശ്യങ്ങൾക്കുള്ള ഭൂമി സൗജന്യമായി ക്രമപ്പെടുത്താം. സർക്കാർ അംഗീകാരമുള്ളതും സർവകലാശാലകളുടെ അഫിലയേഷൻ ഉള്ളതുമായ അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൂമിയും സൗജന്യ നിരക്കിൽ ക്രമപ്പെടുത്താം. ഇതുസംബന്ധിച്ച ഭൂപതിവു ചട്ടഭേദഗതിയുടെ വിജ്ഞാപനം സർക്കാർ പുറത്തിറക്കി.
സാംസ്കാരിക, വിനോദ, ചാരിറ്റബിൾ ആവശ്യങ്ങൾക്കുള്ള രജിസ്ട്രേഡ് സൊസൈറ്റികളുടെ ഭൂമി ക്രമപ്പെടുത്താൻ ഭൂമിയുടെ ന്യായവിലയുടെ ഒരു ശതമാനം അടച്ചാൽ മതി. അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ഓഫിസ് കെട്ടിടങ്ങൾ, രജിസ്ട്രേഡ് സാമൂഹിക സംഘടനകൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവയുടെ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂമിക്കും ന്യായവിലയുടെ ഒരു ശതമാനം അടച്ചു ക്രമപ്പെടുത്താം.
3000 ചതുരശ്ര അടിവരെയുള്ള വീടുകൾ സൗജന്യമായി ക്രമപ്പെടുത്താം. 3000 മുതൽ 5,000 ചതുരശ്ര അടിവരെയുള്ള വാണിജ്യ- വ്യാപാര ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് ഭൂമിയുടെ ന്യായവിലയുടെ അഞ്ചുശതമാനം നൽകണം.
5,000- 10,000 ചതുരശ്ര അടിവരെയുള്ള കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ ന്യായവിലയുടെ 10 ശതമാനം തുക അടയ്ക്കണം. വിനോദ സഞ്ചാര ആവശ്യങ്ങൾക്കുള്ള കെട്ടിടമില്ലാത്ത ഭൂമി ന്യായവിലയുടെ 5ശതമാനം നൽകി ക്രമപ്പെടുത്താം.
3000 ചതുരശ്ര അടിവരെയുള്ള സ്വകാര്യ ആശുപത്രികെട്ടിടങ്ങൾ ക്രമപ്പെടുത്താൻ ന്യായവിലയുടെ 10 ശതമാനം അടയ്ക്കണം. 10,000ത്തിനും 25,000 ചതുരശ്ര അടിവരെയുള്ള വ്യാപാര-വാണിജ്യ കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ ന്യായവിലയുടെ 20 ശതമാനം തുക അടയ്ക്കണം.