കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: കൂടുതല്‍ സമയംതേടി സര്‍ക്കാര്‍
Friday, October 17, 2025 1:06 AM IST
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രോസിക്യൂഷന് അനുമതിക്കുവേണ്ടി സിബിഐ നല്കിയ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയംതേടി സര്‍ക്കാര്‍.
ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ടു തിരക്കിലാണെന്നു വ്യക്തമാക്കിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൂടുതല്‍ സമയംതേടിയത്. ഇക്കാര്യം പരിഗണിച്ച ജസ്റ്റീസ് എ. ബദറുദ്ദീന്‍ നടപടിക്കു രണ്ടാഴ്ച സമയം അനുവദിച്ചു.
സംസ്ഥാന കശുവണ്ടി വികസന കോര്പറേഷന് മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആര്. ചന്ദ്രശേഖരനെയും മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷിനെയും വിചാരണ ചെയ്യാനാണ് സിബിഐ വ്യവസായ വകുപ്പില്‍നിന്ന് അനുമതി തേടിയത്.
2006-15 കാലഘട്ടത്തില്‍ കശുവണ്ടി വികസന കോര്പറേഷന് അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവുമുണ്ടായെന്ന പരാതിയിലാണു കേസ്.