താഴെക്കോട് സ്കൂളിൽ വിദ്യാർഥിസംഘർഷം ; മൂന്നു പേർക്ക് കുത്തേറ്റു
Saturday, March 22, 2025 1:37 AM IST
പെരിന്തൽമണ്ണ: താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നു പേർക്കു കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർഥികൾക്കിടയിലാണു സംഘർഷമുണ്ടായത്.
പരിക്കേറ്റ രണ്ടു പേരെ മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലും ഒരാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു പേർ അത്യാഹിത വിഭാഗത്തിലാണ്. മൂന്നു പേരും അപകടനില തരണം ചെയ്തിട്ടുണ്ട്. രണ്ടു വിദ്യാർഥികളുടെ തലയ്ക്കും ഒരാളുടെ തലയ്ക്കും കൈയ്ക്കുമാണു മൂർച്ചയുള്ള ആയുധംകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്.
ഇന്നലെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് രാവിലെ പതിനൊന്നരയോടെയാണ് സംഘർഷം ഉടലെടുത്തത്. മലയാളം മീഡിയത്തിലെ മൂന്നു വിദ്യാർഥികൾ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളുടെ അടുത്തെത്തി തർക്കത്തിലേർപ്പെടുകയായിരുന്നു. പെട്ടെന്ന് മലയാളം മീഡിയത്തിലെ ഒരു വിദ്യാർഥി മൂന്നു പേരെ കുത്തിപ്പരിക്കേൽപ്പിച്ചു.
ആക്രമിച്ച വിദ്യാർഥി നിലവിൽ സസ്പെൻഷനിലായിരുന്നു. പരീക്ഷയെഴുതാൻ മാത്രമായിരുന്നു ഈ വിദ്യാർഥിക്ക് അനുമതി. നേരത്തേ ഒന്‍പതിൽ പഠിക്കുന്പോൾ സ്കൂളിൽ പ്രശ്നമുണ്ടാക്കിയത് അധ്യാപകർ വീട്ടിൽ അറിയിച്ചതിനെത്തുടർന്ന് രക്ഷിതാക്കളെത്തി സ്വമേധയാ ടിസി വാങ്ങി പോയതാണ്.
എന്നാൽ മറ്റ് സ്കൂളുകളിൽ പ്രവേശനം ലഭിക്കാതെ വന്നതോടെ തിരികെ ഇതേ സ്കൂളിലെത്തി. ഇനി ഇത്തരമൊരു സാഹചര്യം ഉണ്ടാക്കില്ലെന്ന മതിയായ ഉറപ്പു നൽകിയതോടെ തിരിച്ചെടുക്കുകയായിരുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ കൗണ്‍സലിംഗും ലഭ്യമാക്കിയിരുന്നു.
അതേസമയം സ്കൂളിൽ മുന്‍പും ഇംഗ്ലീഷ്-മലയാളം മീഡിയം വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്. കുത്തിയ വിദ്യാർഥിയെയും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരെയും പെരിന്തൽമണ്ണ പോലീസ് ജുവനൈൽ ജസ്റ്റീസ് ബോർഡിനു മുന്‍പാകെ ഹാജരാക്കി.