പാലാരിവട്ടം പാലം: സുപ്രീംകോടതിയുടെ നോട്ടീസ്
Tuesday, October 15, 2024 1:29 AM IST
ന്യൂഡൽഹി: പാലാരിവട്ടം മേല്‍ പാലം നിർമിച്ച ആർഡിഎസ് പ്രോജക്ടിനെ കരിന്പട്ടികയിൽ നിന്ന് ഒഴിവാക്കിയ കേരള ഹൈക്കോടതി നടപടിക്കെതിരേ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ കക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
ജസ്റ്റീസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നവീൻ ആർ. നാഥ്, സ്റ്റാൻഡിംഗ് കോണ്‍സൽ സി.കെ. ശശി എന്നിവർ ആവശ്യപ്പെട്ടു.
13 പ്രോജക്ടുകൾ നിലവിൽ കന്പനി ചെയ്യുന്നുണ്ടെന്നും അതിനാൽ ഹൈക്കോടതി നടപടി സ്റ്റേ ചെയ്താൽ ഈ പദ്ധതികളെയെല്ലാം അത് ബാധിക്കുമെന്നും കന്പനിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗി കോടതിയിൽ പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതിക്കേസിനെ തുടർന്ന് സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാൻ കഴിയാത്തവിധം അഞ്ചു വർഷത്തേക്ക് കന്പനിയുടെ എ ക്ലാസ് ലൈസൻസ് പൊതുമരാമത്ത് വകുപ്പ് റദ്ദാക്കിയിരുന്നു.
പാലം നിർമാണത്തിൽ അപാകത പരിഹരിക്കാൻ വീഴ്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇത് ചോദ്യം ചെയ്ത് കന്പനി നേരത്തേ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അത് തള്ളുകയായിരുന്നു.
ഇതിനെതിരേ സമർപ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റീസ് എ.ജെ. ദേശായി, ജസ്റ്റീസ് വി.ജി. അരുണ്‍ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കന്പനിക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരേയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.