മീനുകളെക്കുറിച്ചുള്ള അറിവുകൾ ജനകീയമാക്കാൻ കൊച്ചിയിൽ ഫിഷ് വാക്
Tuesday, October 15, 2024 1:29 AM IST
കൊച്ചി: മീനുകളെക്കുറിച്ചുള്ള അറിവുകൾ ജനകീയമാക്കുന്നതിനായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കൊച്ചിയിൽ ഫിഷ് വാക് സംഘടിപ്പിക്കുന്നു. മത്സ്യ-സമുദ്ര ജൈവവൈവിധ്യ പ്രത്യേകതകൾ പൊതുജനങ്ങളിലെത്തിക്കുകയാണു ലക്ഷ്യം.
പക്ഷിനിരീക്ഷണത്തിനു സമാനമായി, മത്സ്യപ്രേമികൾക്കു കടൽജീവജാലങ്ങളെ കൂടുതലായി അടുത്തറിയാനുള്ള അവസരമൊരുക്കുകയാണു ഫിഷ് വാക്.
വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ഫിഷ് വാക്കിന്റെ ആദ്യപരിപാടി 19ന് നടക്കും. തുടർന്നുള്ളവ 26, നവംബർ 16, 23 തീയതികളിലായും നടക്കും. സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കുമൊപ്പം ഫിഷിംഗ് ഹാർബറുകൾ, ലാൻഡിംഗ് സെന്ററുകൾ എന്നിവ സന്ദർശിച്ച് കടലിൽ നിന്നു പിടിക്കുന്ന മീനുകളുടെ വിവരങ്ങൾ ശേഖരിക്കും. മീനുകളെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങൾ ഫിഷ് വാക്കിനെത്തുന്നവർക്കു പരിചയപ്പെടുത്തും.
കടൽജൈവവൈവിധ്യത്തിൽ തത്പരരായവരെയാണു ഫിഷ് വാക്കിൽ പങ്കാളികളാക്കുന്നത്.
സ്കൂൾ-കോളജ് വിദ്യാർഥികൾക്കും മറൈൻബയോളജിയിൽ താത്പര്യമുള്ള പൊതുജനങ്ങൾക്കും പങ്കെടുക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
പേര്, വയസ്, ആധാർ നമ്പർ, താത്പര്യം പ്രകടിപ്പിക്കുന്ന പ്രസ്താവന തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന അപേക്ഷ fishwalkcm [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. അവസാന തീയതി-17. ഫോൺ- 8301048849.