ഐഎച്ച്ആര്‍ഡി ഡയറക്ടർ നിയമനം: വിവാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന്
Tuesday, October 15, 2024 1:29 AM IST
കൊച്ചി: സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്റുടെ തസ്തികയ്ക്ക് തത്തുല്യമായ ഐഎച്ച്ആര്‍ഡി ഡയറക്ടറുടെ യോഗ്യതകളില്‍ ഇളവ് വരുത്തി ഡയറക്ടറെ നിയമിച്ചതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങളും ആരോപണവും അനാവശ്യവും അടിസ്ഥാന ഹിതവുമാണെന്ന് ഐഎച്ച്ആര്‍ഡി സ്റ്റാഫ് യൂണിയന്, എംപ്ലോയീസ് ഫെഡറേഷന്, ടീച്ചിംഗ് സ്റ്റാഫ് യൂണിയന് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുന്‍ ഡയറക്ടറുടെ കാലത്ത് സാമ്പത്തികമായി തകര്‍ന്ന ഐഎച്ച്ആര്‍ഡിയില്‍ ശമ്പളം, അടിസ്ഥാന സൗകര്യ വികസനം, ശമ്പള പരിഷ്കരണം, പ്രമോഷന് എന്നിവയെല്ലാം മുടങ്ങിക്കിടക്കുകയായിരുന്നു.
മുന്‍ ഡയറക്ടറുടെ നേതൃത്വ മികവ് ശരാശരിയിലും താഴെയായതാണ് ഐഎച്ച്ആര്‍ഡിയുടെ സ്ഥിതി മോശമാക്കിയത്. ഇതേതുടര്‍ന്നാണ് അഡീഷണല്‍ ഡയറക്ടറായി സേവനം അനുഷ്ഠിച്ചിരുന്ന വി.എ. അരുണ്‍കുമാറിനെ ഡയറക്ടറായി ചുമതലപ്പെടുത്തുന്നതിലേക്ക് സര്‍ക്കാരിനെ നയിച്ചെതെന്നും യൂണിയന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
2014ല്‍ യുഡിഎഫും 2023ല്‍ എല്‍ഡിഎഫ് സര്‍ക്കാരും നിയമന വ്യവ്യസ്ഥയില്‍ മാറ്റം വരുത്തിയിരുന്നുവെന്ന് യൂണിയന് പ്രതിനിധികളായ കെ.ജി. മനോജ്കുമാര്‍, കെ.എക്സ്. ജോസഫ്, ജെ.ആര്. സാജന്, ഗോപകുമാര്‍, വിന്‍സെന്റ് എന്നിവര്‍ പറഞ്ഞു.