സിയാലിൽ അനിമൽ ക്വാറന്റൈൻ സർട്ടിഫിക്കേഷൻ സർവീസ് സെന്റർ തുറന്നു
Friday, October 11, 2024 3:01 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനിമൽ ക്വാറന്റൈൻ സർട്ടിഫിക്കേഷൻ സർവീസ് സെന്റർ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. വിദേശത്തുനിന്ന് കൊണ്ടുവരുന്ന നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളെ ഇനിമുതൽ കൊച്ചി വിമാനത്താവളത്തിൽ ഇറക്കാൻ കഴിയും. മൃഗസ്നേഹികൾക്ക് ഈ സെന്റർ ഏറെ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
നിലവിൽ ഡൽഹി, മുംബൈ, കോൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ മാത്രമാണ് സർട്ടിഫിക്കേഷൻ ഉള്ളത്. കേരളത്തിലേക്ക് മൃഗസ്നേഹികൾ കൊണ്ടുവരുന്ന വളർത്തുമൃഗങ്ങളെ ഈ വിമാനത്താവളങ്ങളിൽ ഇറക്കി മാത്രമേ കൊണ്ടുവരാൻ കഴിയുമായിരുന്നുള്ളൂ.
വിദേശത്തുനിന്ന് കൊണ്ടുവരുന്ന മൃഗങ്ങളിലൂടെയും അവയുടെ ഉത്പന്നങ്ങളിലൂടെയും രാജ്യത്തു രോഗവ്യാപനമുണ്ടാകുന്നതു തടയാൻ 1898 മുതൽ ഉണ്ടായിരുന്ന ലൈവ്-സ്റ്റോക്ക് ഇറക്കുമതി നിയമം 2001ൽ ഭേദഗതി ചെയ്തിരുന്നു. ഇതനുസരിച്ച് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര ഉത്പാദന മന്ത്രാലയമാണ് മൃഗങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നത്.
അനിമൽ ഹസ്ബന്‍ഡ്രി ആൻഡ് ഡെയറി ഡിപ്പാർട്ട്മെന്റുമായി കൊച്ചി ഇന്റർനാഷണൽ എയർപ്പോർട്ട് ഇതുസംബന്ധിച്ച് കരാർ ഒപ്പുവച്ചതായി സിയാൽ മാനേജിംഗ് ഡയറക്്ടർ എസ്. സുഹാസ് പറഞ്ഞു.
അഡീഷണൽ സെക്രട്ടറി വർഷ ജോഷിയാണ് സർക്കാരിനുവേണ്ടി കരാർ ഒപ്പുവച്ചത്.