നടൻമാർക്കെതിരേ പീഡനപരാതി നൽകിയ നടിക്കെതിരേ ബന്ധുവായ യുവതി രംഗത്ത്
Friday, September 20, 2024 1:07 AM IST
കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ എന്നിവരുള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ പീഡനപരാതി നല്കിയ നടിക്കെതിരേ ഗുരുതര ആരോപണവുമായി ബന്ധുവായ യുവതി. തനിക്ക് 16 വയസുള്ളപ്പോള്‍ സെക്സ് മാഫിയയ്ക്കു വില്ക്കാന് ശ്രമിച്ചുവെന്നാണ് നടിയുടെ അടുത്ത ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി ആരോപിച്ചത്. ഇതുസംബന്ധിച്ച് കേരള, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ക്കും ഡിജിപിമാര്‍ക്കും യുവതി പരാതി നല്കി.
2014ലാണ് സംഭവം നടന്നതെന്നാണു യുവതി പറയുന്നത്. അമ്മയുടെ സഹോദരിയുടെ മകളാണു തന്നെ വില്ക്കാന് ശ്രമിച്ചതെന്നും യുവതി പറഞ്ഞു. അന്ന് അഞ്ചോളം സിനിമയില്‍ അഭിനയിച്ചിരുന്ന അവര്‍ ചെന്നൈയിലായിരുന്നു താമസം.
സിനിമയില്‍ അഭിനയിക്കുന്നു എന്നല്ലാതെ അവരെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വെക്കേഷന് സമയത്ത് അവര്‍ തന്നെ ചെന്നൈയിലെ വീട്ടിലേക്കു ക്ഷണിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഒരുക്കാമെന്നും ഓഡിഷനില്‍ പങ്കെടുക്കാമെന്നുമൊക്കെയായിരുന്നു അവര്‍ പറഞ്ഞിരുന്നതെന്നും യുവതി പറയുന്നു.
അതനുസരിച്ച് താനും അമ്മയും ചെന്നൈയിലേക്കു പോയി. തൊട്ടടുത്ത ദിവസം ഓഡിഷനെന്നു പറഞ്ഞ് ഒരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു മുറിയില്‍ അഞ്ചോളം ആളുകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ തനിക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയെന്നും മുടിയില്‍ തഴുകിയെന്നും യുവതി പറയുന്നു. ഇതിനിടെ ബന്ധുവായ സ്ത്രീ അയാളോട് ഓക്കെയാണോ എന്നു ചോദിച്ചു. അയാള്‍ ഓക്കെയാണെന്നും പറഞ്ഞു. ഇതോടെ എന്തോ പ്രശ്നമുണ്ടെന്ന് തനിക്കു മനസിലായി.
വീട്ടില്‍ പോകണമെന്നു പറഞ്ഞ് വാശി പിടിച്ചപ്പോള്‍ അവര്‍ ദേഷ്യപ്പെട്ടുകൊണ്ട് തന്നോട് അവിടെ നില്ക്കാന് ആവശ്യപ്പെട്ടു. അഡ്ജസ്റ്റ് ചെയ്താല്‍ ഭാവി സുരക്ഷിതമാകുമെന്ന് അവര്‍ പറഞ്ഞു. അതു ശരിയല്ലെന്നു തോന്നിയതോടെ താന്‍ ബഹളംവച്ച് ഇറങ്ങിപ്പോരുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.
അതേസമയം, യുവതിയുടെ പരാതി മൂവാറ്റുപുഴ പോലീസ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. പ്രത്യേക അന്വേഷണസംഘം കേസ് രജിസ്റ്റര്‍ ചെയ്ത് ഉടന്‍ യുവതിയുടെ മൊഴിയെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.