ആദം...എവിടെയാ നീ പൊന്നുമോനേ...
Wednesday, September 11, 2024 1:47 AM IST
സിജോ പൈനാടത്ത്
കൊച്ചി: “എന്നും പുലർച്ചെ പത്തു കിലോമീറ്റർ സൈക്കിൾ ചവിട്ടും, പുലരും മുന്പേ വീട്ടിൽ മടങ്ങിയെത്തും, ശേഷം പഠനത്തിലേക്ക്. ഇതായിരുന്നു അവന്റെ ശീലം.
അന്നും നേരം പുലരും മുന്പേ, വെളുത്ത സൈക്കിൾ ചവിട്ടി അവൻ പോകുന്പോൾ പതിവായുള്ള പ്രഭാതസവാരി എന്നു മാത്രമായിരുന്നു എന്റെ മനസിൽ. പക്ഷേ.... ഇന്നേക്ക് 45 ദിവസമായി അവൻ പോയിട്ട്... എവിടെയാ നീ പൊന്നുമോനേ”... !
മൂത്ത മകൻ ആദം ജോ ആന്റണിയെ കാണാതായി ആഴ്ചകൾ കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിക്കാതെ ഉള്ളുനീറി കഴിയുന്ന കൊച്ചി പള്ളുരുത്തി കൊല്ലശേരി ആന്റണിയുടെ ഇടറുന്ന വാക്കുകൾക്കും ആകുലതകൾക്കും മുന്പിൽ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളില്ല.
പോലീസിലും മുഖ്യമന്ത്രിക്കുമൊക്കെ പരാതി നൽകിയുള്ള കാത്തിരിപ്പ് 50 ദിവസത്തിലേക്കടുക്കുന്പോഴും പ്രതീക്ഷ പകരുന്ന ഒരു വിവരവും ആന്റണിയെയും ഭാര്യ സിമിയെയും തേടിയെത്തിയിട്ടില്ല.സിഎ വിദ്യാർഥിയായ 20 കാരൻ ആദമിനെ കഴിഞ്ഞ ജൂലൈ 28നാണു കാണാതായത്.
മൊബൈൽ ഫോണോ പഴ്സോ വസ്ത്രങ്ങളോ ഒന്നും കൈയിലുണ്ടായിരുന്നില്ല. എന്നും പതിവായി വ്യായാമത്തിനു പോകുന്ന വെളുത്ത ബിറ്റ് വിൻ സൈക്കിളിൽ വെളുപ്പിൽ നീലവരകളുള്ള ടീ ഷർട്ട് ധരിച്ചായിരുന്നു പുലർച്ചെ 3.15ന് വീട്ടിൽനിന്നിറങ്ങിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ ഈ സമയത്ത് ആദം സൈക്കിളിൽ പോകുന്നതു കാണുന്നുണ്ട്.
പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ അന്നത്തെ തേവരയിൽനിന്നുള്ള ദൃശ്യങ്ങളിലും ആദമിനെ കാണാം. ശേഷം സംഭവിച്ചത് എന്തെന്നതിനെക്കുറിച്ച് ഒരു വിവരവും ആർക്കുമില്ല.
എസ്എസ്എൽസിക്കും പ്ലസ്ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആദം സിഎയുടെ പ്രിലിമിനറി പാസായി. ഇന്ററിനും ഒപ്പം പിഎസ്സി പരീക്ഷയ്ക്കുമുള്ള തയാറെടുപ്പിലായിരുന്നു. കോവിഡ് കാലമായതിനാൽ പ്ലസ്ടു മുതലുള്ള പഠനം പൂർണമായും ഓൺലൈനിലായിരുന്നു. അതിനാൽത്തന്നെ പുറത്തുള്ള സൗഹൃദങ്ങൾ കുറവായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. ആരോടും അധികം സംസാരിക്കുന്ന ശീലവുമില്ല.
ടാക്സ് കൺസൾട്ടന്റുമാരാണ് ആന്റണിയും സിമിയും. ഇളയ മകൻ എഫ്രായിം എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പോലീസിന്റെ ഭാഗത്തുനിന്ന് കൂടുതൽ ഊർജിതമായ അന്വേഷണം ഉണ്ടാകുമെന്നും ആദം വൈകാതെ മടങ്ങിയെത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് ഈ കുടുംബം.